KeralaLatest

കാനറാ ബാങ്ക് തട്ടിപ്പ് : വിജീഷിന്റെ അക്കൗണ്ട് കാലി

“Manju”

പത്തനംതിട്ട: കാനറാ ബാങ്ക് തട്ടിപ്പ് കേസില്‍ പോലീസിനെ വലയ്ക്കുന്ന പുതിയ കണ്ടെത്തല്‍. പ്രതി വിജീഷ് വര്‍ഗീസ് തട്ടിയെടുത്ത എട്ട് കോടിയോളം രൂപ അക്കൗണ്ടില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച്‌ പരിശോധന നടത്തിയപ്പോള്‍ വിജീഷിന്റെ ബാങ്ക് അക്കൗണ്ട് കാലിയാണെന്ന് കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്.

വിജീഷ് വര്‍ഗീസ് വന്‍ തുക നിക്ഷേപിച്ചത് സ്വന്തം പേരിലുള്ള മൂന്ന് അക്കൗണ്ടുകള്‍, ഭാര്യയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകള്‍ എന്നിവ കൂടാതെ മാതാവ്, ഭാര്യാപിതാവ് എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് . ആറര കോടി രൂപ ഈ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് ഓഡിറ്റില്‍ കണ്ടെത്തിയത്. എന്നാല്‍ ഈ അക്കൗണ്ടുകളിലൊന്നും ഇപ്പോള്‍ കാര്യമായ പണമൊന്നും അവശേഷിക്കുന്നില്ല. ചിലതില്‍ മിനിമം ബാലന്‍സ് മാത്രമാണുള്ളത്. ചിലത് കാലിയാണ്.

തട്ടിപ്പ് സ്ഥിരീകരിച്ചതോടെ ഈ അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചിരുന്നു. എന്നാല്‍ അതിനും ഏറെ മുന്‍പേ പണം പിന്‍വലിക്കപ്പെട്ടുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കുടുംബാംഗങ്ങളുടെ അറിവോടെയാണ് പണം പിന്‍വലിക്കപ്പെട്ടതെന്നാണ് സംശയം. തട്ടിയെടുത്ത പണത്തില്‍ വലിയൊരു നിക്ഷേപം ഓഹരി വിപണിയില്‍ നിക്ഷേപിച്ചതായാണ് മൊഴി. ബന്ധപ്പെട്ട അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. കേസിലെ അന്വേഷണം ക്രൈം ബ്രാഞ്ച് ഉടന്‍ ഏറ്റെടുക്കും. ബാങ്ക് ശാഖയില്‍ വിജീഷിനെ എത്തിച്ച്‌ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. വിജീഷിനെതിരെ ഐപിസി 420, ഐടി ആക്‌ട് 66 എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്.

Related Articles

Back to top button