KeralaLatest

കൊവിഡ് ഹോട്ട് സ്‌പോട്ടായി പാലക്കാട് ജില്ല

“Manju”

സിന്ധുമോള്‍ ആര്‍

 

പാലക്കാട് : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള പാലക്കാട്ട് സമ്പര്‍ക്കത്തിലൂടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. പാലക്കാട് ജില്ലയിലെ കൊവിഡ് ചികിത്സാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലെ പതിനാലു പേര്‍ ഉള്‍പ്പെടെ ഇരുപത്തിയൊന്ന് ആരോഗ്യപ്രവര്‍ത്തകരാണ് ഇതിനോടകം രോഗബാധിതരായത്. ആകെ രോഗികളുടെ എണ്ണം 172 ല്‍ എത്തിയതോടെ ജില്ലാ ആശുപത്രി കൊവിഡ് ചികില്‍സയ്ക്ക് വേണ്ടി മാത്രം മാറ്റണമെന്നാവശ്യവും ശക്തമാണ്.
സമ്പര്‍ക്കത്തിലൂടെ ഇതിനോടകം 31 പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് ലഭ്യമായ വിവരം. ഇതില്‍ വാളയാറിലുള്‍പ്പെടെ ജോലി ചെയ്ത ആരോഗ്യപ്രവര്‍ത്തകരില്‍ രോഗബാധിതരായവര്‍ ഇരുപത്തിയൊന്ന്. കൊവിഡ് ചികിത്സാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലെ നഴ്സുമാര്‍ ഉള്‍പ്പെടെ 14 പേര്‍ക്കും രോഗം പിടിപെട്ടു. സമ്പര്‍ക്കത്തിലൂടെ ഓരോ ദിവസവും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നത് ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയാണ്.

രോഗികളാകുന്ന ഓരോ ആരോഗ്യപ്രവര്‍ത്തകരുമായും സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റ് ജീവനക്കാര്‍ നിരീക്ഷണത്തിലാകുന്നതാണ് പ്രതിസന്ധി. ജീവനക്കാരുടെ കുറവ് അമിത ജോലിഭാരത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കൊവിഡ് ജാഗ്രതയില്‍ ചെറിയൊരു പിഴവു പോലും രോഗവ്യാപനത്തിനിടയാക്കും. അതിനാല്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തുന്ന മറ്റ് രോഗികള്‍ക്ക് മറ്റൊരിടത്ത് ചികിത്സ ക്രമീകരിക്കണം.

പാലക്കാട് പണി പൂര്‍ത്തിയായി വരുന്ന മെഡിക്കല്‍ കോളജില്‍ ചികിത്സ ക്രമീകരിക്കാന്‍ ആലോചനയുണ്ടെങ്കിലും വൈകുന്നു. ഉറവിടം കണ്ടെത്താനാകാത്ത അഞ്ചിലധികം കേസുകള്‍ ജില്ലയില്‍ ഉണ്ട് .ഇതിലൊരാള്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച ആലത്തൂര്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ മുണ്ടൂര്‍ സ്വദേശിയായ തടവുകാരനാണ്. മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലുള്ളവരാണ് രോഗികളില്‍ കൂടുതലും.

Related Articles

Back to top button