KeralaLatest

‘കോഴിക്കോടിന്’ യുനെസ്‌കോയുടെ സാഹിത്യ നഗര പദവി

“Manju”

കോഴിക്കോട്: കേരളപ്പിറവി ദിനത്തിന് ഇത്തവണ ഇരട്ടിമധുരം. ഐക്യരാഷ്‌ട്രസഭയുടെ ഉപസംഘടനയായ യുനെസ്‌കോയുടെ സാഹിത്യ നഗരമെന്ന (സിറ്റി ഓഫ് ലിറ്ററേച്ചര്‍) പദവിയിലേക്ക് കോഴിക്കോടിനെ തിരഞ്ഞെടുത്തു. യുനെസ്‌കോ പുതിയതായി തിരഞ്ഞെടുത്ത 55 ക്രിയേറ്റീവ് നഗരങ്ങളുടെ പട്ടികയിലാണ് രാജ്യത്ത് നിന്ന് ആദ്യമായി കോഴിക്കോടും ഇടംപിടിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി കോഴിക്കോട് അറിയപ്പെടും. മദ്ധ്യപ്രദേശിലെ ഗ്വാളിയോറും ക്രിയേറ്റീവ് നഗരങ്ങളുടെ പട്ടികയിലുണ്ട്. സംഗീത നഗരങ്ങളുടെ പട്ടികയിലാണ് ഗ്വാളിയോര്‍ ഇടംനേടിയിരിക്കുന്നത്.

ഇന്ത്യയ്‌ക്ക് ഇത് അഭിമാന നിമിഷമാണെന്ന് കേന്ദ്ര സാംസ്‌കാരിക ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു. ‘യുനെസ്‌കോയുടെ ഏറ്റവും പുതിയ ക്രിയേറ്റീവ് നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ കോഴിക്കോടിനെ സാഹിത്യ നഗരംആയും മദ്ധ്യപ്രദേശിലെ ഗ്വാളിയോറിനെ സംഗീത നഗരംആയും തിരഞ്ഞെടുത്തു. സംസ്‌കാരവും സര്‍ഗ്ഗാത്മകതയും പ്രയോജനപ്പെടുത്തിയ പ്രതിബദ്ധതയ്‌ക്കാണ് ഈ നഗരങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്. അഭിനന്ദനങ്ങള്‍!’ എന്ന് ജി. കിഷൻ റെഡ്ഡി എക്‌സില്‍ കുറിച്ചു.

വികസന തന്ത്രങ്ങളുടെ ഭാഗമായി സംസ്‌കാരവും സര്‍ഗ്ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും നഗര ആസൂത്രണത്തില്‍ നൂതനമായ സമ്പ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധതയ്‌ക്കുള്ള അംഗീകാരമായിട്ടാണ് യുനെസ്‌കോ പദവി നല്‍കുന്നത്.

Related Articles

Back to top button