KeralaLatest

ഒന്നരക്കോടിയുടെ മെഡിക്കല്‍ സഹായം ; മോഹന്‍ലാലിന് നന്ദി പറഞ്ഞ് വീണ ജോര്‍ജ്

“Manju”

തിരുവനന്തപുരം ; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തെ ആശുപത്രികളിലേക്ക് ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ നടന്‍ മോഹന്‍ലാലിന് നന്ദിയറിയിച്ച്‌ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. തന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് മോഹന്‍ലാല്‍ ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്‌സ-റേ മെഷീനുകള്‍ എന്നിവ വിവിധ ആശുപത്രികളിലേക്കായി നല്‍കിയത്.

ഇതോടൊപ്പം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളിലേക്ക് ആവശ്യമായ ഓക്‌സിജന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സഹായവും മോഹന്‍ലാല്‍ നല്‍കിയിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതില്‍ വീണ ജോര്‍ജിനെ ആശംസകള്‍ അറിയിച്ച മോഹന്‍ലാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്‌തുവെന്നും മന്ത്രി വ്യക്തമാക്കി.

വീണ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ മലയാളത്തിന്റെ പ്രിയ നടന്‍ ശ്രീ. മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ നന്ദി. പിറന്നാള്‍ ദിനത്തില്‍ ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് ശ്രീ മോഹന്‍ലാല്‍ തന്നത്.

ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്‌സ-റേ മെഷീനുകള്‍ എന്നിവയുള്‍പ്പെടെയാണ് സംഭവനയായി ലഭിച്ചിരിക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളിലേക്ക് ആവശ്യമായ ഓക്‌സിജന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സഹായവും നല്‍കിയിട്ടുണ്ട്.

ഇന്ന് രാവിലെ ഫോണില്‍ വിളിച്ച്‌ ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതില്‍ ശ്രീ മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചു . കോവിഡ് പ്രതിരോധത്തിന് ഉള്‍പ്പടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ അദ്ദേഹം നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു.

Related Articles

Back to top button