IndiaKeralaLatest

അഞ്ചു വര്‍ഷത്തിനിടയില്‍ നാല് സത്യപ്രതിജ്ഞ ; അപൂര്‍വ്വ നേട്ടവുമായി കുഞ്ഞാലിക്കുട്ടി

“Manju”

മലപ്പുുറം: ഇന്നലെ എംഎല്‍എ മാര്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അപൂര്‍വ്വനേട്ടം സ്വന്തമാക്കിയ അനേകം പേരില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും. അഞ്ചു വര്‍ഷത്തിനിടയില്‍ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത് നാലാം തവണ. 2016 നും 2021 നും ഇടയില്‍ എംപിയായും എംഎല്‍എയായും രണ്ടു തവണ വീതമാണ് കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തത്.
2016ല്‍ വേങ്ങരയില്‍ നിന്ന് ഇടതു സ്ഥാനാര്‍ത്ഥി അഡ്വ. പി.പി ബഷീറിനെ 38,057 വോട്ടിന് തോല്‍പ്പിച്ച്‌ നിയമസഭയില്‍ എത്തിയ അദ്ദേഹം 2017ല്‍ ഇ. അഹമ്മദ് മരണപ്പെട്ടതിനെ തുടര്‍ന്ന് എം.എല്‍.എ സ്ഥാനം രാജിവെച്ച്‌ മലപ്പുറം മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചു ജയിച്ചു. ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന എം.ബി ഫൈസലിനെ 1,71,023 വോട്ടിന് പരാജയപ്പെടുത്തിയാണ് അന്ന് പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.
2019 ലെ പൊതുതെരഞ്ഞെടുപ്പിലും മലപ്പുറത്ത് നിന്നും പാര്‍ലമെന്റില്‍ എത്തിയ അദ്ദേഹം വീണ്ടും പാര്‍ലമെന്റ് അംഗത്വം രാജിവെച്ച്‌ നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചു. 2016 മെയ് 16ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയാണ് പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് പോയത്. ഇതിന് പുറമേ ഇത്തവണയും ഏറെ അപൂര്‍വ്വത നിയമസഭയിലും സത്യപ്രതിജ്ഞാ ചടങ്ങിലുമുണ്ട്.
ജന്മദിനത്തിന്റെ തലേന്നായിരുന്നു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്തത്. രമേശിന് ഇന്ന് 65 തികഞ്ഞു. കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവിന്റെ കന്റോണ്‍മെന്റ് ഹൗസില്‍ ജന്മദിനം ആഘോഷിച്ച ചെന്നിത്തല പദവി വിട്ടതോടെ ഇന്ന് ജന്മദിനം തിരുവനന്തപുരത്തെ സ്വന്തം വസതിയില്‍ ആഘോഷിക്കും. 95 ാമനായിട്ടായിരുന്നു രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്തത്.
പന്ത്രണ്ടാം തവണ തുടര്‍ച്ചയായി സഭയിലെത്തുന്ന 77 വയസ്സുകാരനായ ഉമ്മന്‍ചാണ്ടിയാണ പരിചയസമ്ബത്തില്‍ സീനിയര്‍. 76ാ മനായിട്ടായിരുന്നു ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞ നിര്‍വ്വഹിച്ചത്. 79 ാം വയസ്സില്‍ പത്താം തവണ സത്യപ്രതിജ്ഞ ചെയ്ത പി.ജെ. ജോസഫാണ് ഏറ്റവും പ്രായം കൂടിയയാള്‍. സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ തോല്‍പ്പിച്ച്‌ സഭയില്‍ എത്തിയ 28 കാരന്‍ സച്ചിന്‍ദേവാണ് ഇളയവന്‍.
ഇത്തവണ സഭയില്‍ 12 അംഗങ്ങള്‍ 40 വയസ്സില്‍ താഴെയാണ്. 30 അംഗങ്ങള്‍ 40 നും 50 നും ഇടയില്‍ പ്രായമുള്ളവരും 22 അംഗങ്ങള്‍ 70 കഴിഞ്ഞവരുമാണ്. കഴിഞ്ഞ നിയമസഭയില്‍ അംഗങ്ങളായിരുന്ന 75 പേരാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. 53 പുതുമുഖങ്ങള്‍ സഭയുടെ 37 ശതമാനത്തോളം വരും. ഇതാദ്യമായി പ്രതിപക്ഷ നേതാവായി മാറിയ വി.ഡി. സതീശന്‍ 110 ാമത് സത്യപ്രതിജ്ഞ ചെയ്തു.
യുഡിഎഫിന്റെ പിന്തുണയോടെ വടകരയില്‍ നിന്നും ജയിച്ച കെ.കെ.രമ കൊല്ലപ്പെട്ട ഭര്‍ത്താവ് ടി.പി ചന്ദ്രശേഖരന്റെ ബാഡ്ജ് അണിഞ്ഞായിരുന്നു സത്യപ്രതിജ്ഞ നടത്തിയത്. സ്വതന്ത്രബ്‌ളോക്കായിട്ടാകും കെ.കെ. രമ സഭയില്‍ ഇരിക്കുക.

Related Articles

Back to top button