Latest

പണ്ടൊക്കെ ഓഗസ്റ്റിൽ 1,000 ത്രിവർണ പതാകകൾ ; ഇത്തവണ ഒരു ലക്ഷം കടന്ന് ഡിമാൻ്റ്

“Manju”

തിരുപ്പൂർ: പതാകകളുടെയും ബാനറുകളുടെയും നിർമ്മാണത്തിന് പേരുകേട്ട തിരുപ്പൂരിലെ ഹോസിയേറി നഗരത്തിൽ ഇത്തവണ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഓരോ വീട്ടിലും ത്രിവർണ പതാക ഉയരണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം തന്നെയാണ് അതിന് കാരണം. ഹർ ഘർ തിരംഗ ക്യാമ്പയിൻ ശക്തമായതോടെ ഇത്തവണ നൂറിരട്ടിയിലധികം ആവശ്യക്കാരാണ് ഉള്ളതെന്ന് കടയുടമകൾ പറയുന്നു.

നേരത്തെ ഇതേ സീസണിൽ 1,000 പതാകകൾ വിറ്റിരുന്നുവെങ്കിൽ ഇപ്പോൾ ഒരു ലക്ഷത്തോളം ത്രിവർണ പതാകകൾക്കാണ് ആവശ്യക്കാരെന്ന് തിരുപ്പൂരിലെ പതാക നിർമ്മാതാക്കൾ വ്യക്തമാക്കി. എല്ലാ വർഷവും സ്‌കൂളുകളിലും കോളേജുകളിലും സർക്കാർ ഓഫീസുകളിലും മാത്രമാണ് സ്വാതന്ത്ര്യദിനത്തിന് പതാക ഉയർത്തുന്നത്. ഈ വർഷം എല്ലാ വീടുകളിലും പതാക ഉയർത്താനുള്ള ആഹ്വാനത്തോടെയാണ് വൻ തോതിൽ ആവശ്യമുയർന്നതെന്നും അവർ പറയുന്നു.

തിരുപ്പൂരിലെ ചുരുക്കം ചില യൂണിറ്റുകൾ മാത്രമാണ് പതാകകളും ബാനറുകളും നിർമ്മിച്ചിരുന്നത്. ആവശ്യക്കാർ വർധിച്ചതോടെ മറ്റ് ചില യൂണിറ്റുകൾ കൂടി ദേശീയ പതാക നിർമിക്കാൻ തുടങ്ങി. ഉൽപ്പാദന സമയം കുറവാണെങ്കിലും ആവശ്യക്കാരേറെയാണെന്നതാണ് കാരണം. അതിനാൽ പതാക നിർമാണത്തിനുള്ള തുണിയിലും ലഭ്യതക്കുറവുണ്ടെന്ന് അവർ പ്രതികരിച്ചു.

തിരുപ്പൂർ യൂണിറ്റുകൾ പ്രധാനമായും കോട്ടൺ പതാകകളാണ് നിർമ്മിക്കുന്നത്. എന്നാൽ ഡിമാൻഡ് ഉയർന്നതിനാൽ സാറ്റിൻ, സിന്തറ്റിക് തുണികളും ഉപയോഗിക്കാൻ തുടങ്ങി. അതേസമയം തിരുപ്പൂരിലെ പല വ്യാപാരികളും സൂറത്തിൽ നിന്നും മറ്റും പതാകകൾ മൊത്തമായി എത്തിച്ച് ഇവിടെ വിതരണം ചെയ്യുന്നതും വർധിച്ചിട്ടുണ്ട്.

രാജ്യത്തുടനീളം പതാകകൾ നിർമ്മിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് തിരുപ്പൂരിലെ പതാകകൾക്ക് ഉയർന്ന ഡിമാൻഡ് ഉള്ളത്. പോസ്റ്റ് ഓഫീസ് വഴി ഉൾപ്പെടെ ഇത്തവണ ത്രിവർണ പതാകകൾ ലഭ്യമാണെങ്കിലും തിരുപ്പൂരിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ എത്താറുണ്ടെന്ന് കടയുടമകൾ പറയുന്നു.

Related Articles

Back to top button