IndiaInternationalLatest

മെഹുല്‍ ചോക്‌സി ഡൊമിനിക്കയില്‍  പിടിയില്‍

“Manju”

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ് കേസില്‍ പിടികിട്ടാപ്പുള്ളിയായി ഇന്ത്യ കാണുന്ന രത്‌നവ്യാപാരി മെഹുല്‍ ചോക്‌സി ഡൊമിനിക്കയില്‍ വെച്ച്‌  അറസ്റ്റില്‍. ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് അറസ്റ്റിലായതെന്ന് ആന്റിഗ്വ ആന്‍ഡ് ബാര്‍ബഡയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചോക്‌സി നേരത്തെ കരീബിയന്‍ ദ്വീപായ ആന്റിഗ്വ ആന്‍ഡ് ബാര്‍ബഡയില്‍ നിന്ന് കാണാതായിരുന്നു. ഇന്ത്യ വിട്ട ശേഷം 2018 മുതല്‍ ചോക്‌സി ഇവിടെയാണ് താമസം.
ചോക്‌സിക്കെതിരെ ഇന്റര്‍പോളിന്റെ യെല്ലോ നോട്ടീസുണ്ട്. ഡൊമിനിക്ക് ചോക്‌സിയെ ആന്റിഗ്വ പോലീസിന് കൈമാരും. നേരത്തെ ആന്റിഗ്വ സര്‍ക്കാരിനെ ഇന്റര്‍പോളും മറ്റ് അന്താരാഷ്ട്ര പോലീസ് ഏജന്‍സികളും ചോക്‌സിയെ വിട്ടുകിട്ടാനായി സമീപിച്ചിരുന്നു. ഇയാളുടെ വാസസ്ഥലം കണ്ടെത്താനും നീക്കമുണ്ടായിരുന്നു. ആന്റിഗ്വയില്‍ വെച്ച്‌ സ്വന്തം കാറില്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നതായിരുന്നു ചോക്‌സിയെ കുറിച്ച്‌ അവസാനം ലഭിച്ച വിവരം. ഇതിന് ശേഷം ഇയാളെ കാണാനില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.
2017ലാണ് ആന്റിഗ്വ-ബാര്‍ബഡ ദ്വീപുകളില്‍ ചോക്‌സിക്ക് പൗരത്വം ലഭിക്കുന്നത്. 2018 ജനുവരി മുതലാണ് ചോക്‌സി ഇവിടെ താമസമാക്കിയത്. സിബിഐയും ഇഡിയും ചോക്‌സിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനായി ശ്രമിക്കുന്നുണ്ട്. 14000 കോടിയുടെ തട്ടിപ്പാണ് ചോക്‌സിയും മരുമകന്‍ നീരവ് മോദിയും ചേര്‍ന്ന് നടത്തിയത്. ഡൊമിനിക്കയില്‍ ചെറിയൊരു ബോട്ടിലാണ് ചോക്‌സി എത്തിയത്. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഉള്ളത് കൊണ്ട് അറസ്റ്റ് ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം സിബിഐയെയും ഇഡിയെയും ചോക്‌സി പിടിയിലായതായി അറിയിച്ചിട്ടുണ്ട്. ആന്റിഗ്വയിലെ കോടതിയില്‍ ചോക്‌സിക്കെതിരെയുള്ള കേസിന് ബലം നല്‍കുന്നതാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. വൈകാതെ തന്നെ ഇയാളെ ഇന്ത്യക്ക് വിട്ടുകിട്ടുമെന്നാണ് ഏജന്‍സികളുടെ പ്രതീക്ഷ. ബ്രിട്ടനില്‍ നിന്നുള്ള ഒരു അഭിഭാഷകനാണ് ചോക്‌സിക്ക് വേണ്ടി ആന്റിഗ്വയില്‍ കേസ് വാദിക്കുന്നത്. ചോക്‌സി നാട് വിട്ടില്ലെന്ന വാദത്തിലായിരുന്നു അഭിഭാഷകന്‍ അടക്കമുള്ളവര്‍. രാഷ്ട്രീയ ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള കേസുകളെന്ന് ചോക്‌സി നേരത്തെ പറഞ്ഞിരുന്നു.

Related Articles

Back to top button