IndiaKeralaLatest

കര്‍ഷക സമരം 2024 വരെ നീട്ടാന്‍ ഒരുങ്ങുന്നു

“Manju”

ദില്ലി: കര്‍ഷക സമരത്തില്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കര്‍ഷക നേതാക്കള്‍. 2024 വരെ പ്രക്ഷോഭം തുടരാനാണ് തീരുമാനം. 2024ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുമ്ബോള്‍ മോദിക്ക് വലിയ വെല്ലുവിളിയായി ഇത് മാറുമെന്ന് ഉറപ്പാണ്. കര്‍ഷകരോട് ആ സമയം വരെ പ്രതിഷേധം തുടരാനാണ് നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മോദി സര്‍ക്കാര്‍ കമ്ബനി സര്‍ക്കാരായി മാറിയെന്ന് കര്‍ഷക നേതാക്കള്‍ കുറ്റപ്പെടുത്തി. ഇന്ത്യയില്‍ ശരിക്കുമൊരു സര്‍ക്കാരുണ്ടെങ്കില്‍ കര്‍ഷകരുടെ ആവശ്യത്തിന് മുന്നില്‍ അവര്‍ വഴങ്ങിയിട്ടുണ്ടാവും. എന്നാല്‍ ഇതൊരു കമ്ബനി സര്‍ക്കാരാണെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
അതേസമയം കര്‍ഷകരുടെ സമരം ആറ് മാസം പിന്നിട്ട് കഴിഞ്ഞു. ദില്ലി അതിര്‍ത്തിയില്‍ സമരം ഇനിയും അതിശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഈ ദിനം കരിദിനമായി ആചരിക്കാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. കര്‍ഷകര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ല. ഇതുവരെ ചര്‍ച്ചകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരും തീരുമാനിച്ചിട്ടില്ല. ജനുവരി 22ന് എല്ലാ ചര്‍ച്ചകളും സര്‍ക്കാര്‍ അവസാനിപ്പിച്ചതാണ്. ഇനിയും പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്രം.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു കര്‍ഷകര്‍ കരിദിനം ആചരിച്ചത്. എല്ലാവരും സ്വന്തം ഗ്രാമത്തില്‍ നിന്നായിരുന്നു പ്രതിഷേധം നടത്തിയത്. എന്നാല്‍ ഇവര്‍ അതിര്‍ത്തിയിലേക്ക് നീങ്ങിയപ്പോള്‍ ഒരുപാട് പേര്‍ സമരവേദിയിലേക്ക് എത്തി. കൈയ്യില്‍ കറുത്ത ബാന്‍ഡുകളും ഇവര്‍ ധരിച്ചിരുന്നു. സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ആരോപണങ്ങളെ നേരിടാന്‍ കര്‍ഷകര്‍ തയ്യാറാണ്. ഞങ്ങള്‍ കൊവിഡ് പരത്തുന്നവരാണെന്ന് അവര്‍ പറയുന്നു. അത്തരം ആരോപണങ്ങളൊന്നും ഞങ്ങള്‍ക്ക് പുതിയതല്ല. നേരത്തെ ഞങ്ങളെ വിഭജിക്കാനായിരുന്നു അവരുടെ ശ്രമം. കോര്‍പ്പറേറ്റുകളുടെ സമരമാണെന്ന് പറഞ്ഞു. ഞങ്ങളെ ഖലിസ്താനികളെന്ന് വിളിച്ചു. അതൊന്നും ഞങ്ങളെ തകര്‍ത്തില്ലെന്നും ടിക്കായ്ത്ത് പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് ടിക്കായത്ത് പറഞ്ഞു. താങ്ങുവില ഉറപ്പാക്കുന്ന പുതിയ നിയമം വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സമരം തുടങ്ങിയപ്പോള്‍ ഇത്ര നീളുമെന്ന് കരുതിയില്ല. സര്‍ക്കാര്‍ ഞങ്ങളെ തകര്‍ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ അതിന് സാധിച്ചില്ല. പകരം ഞങ്ങള്‍ രാജ്യം മുഴുവന്‍ പടര്‍ന്നു. രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണ് ഈ വളര്‍ച്ചയെന്നും ടിക്കായത്ത് പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. നിയമസഭയില്‍ പ്രമേയവും പാസാക്കും.

Related Articles

Back to top button