KeralaLatest

യുവ വോട്ടര്‍മാരുടെ എണ്ണത്തില്‍ വൻവര്‍ദ്ധനവ്

“Manju”

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയില്‍ യുവ വോട്ടർമാരുടെ എണ്ണത്തില്‍ വൻ വർദ്ധനവ്. മൂന്ന് ലക്ഷത്തിലധികം നവവോട്ടർമാരാണ് സമ്മതിദാന അവകാശം രേഖപ്പെടുത്താനായി തയ്യാറെടുക്കുന്നത്.

2023 ഒക്ടോബർ പ്രസിദ്ധീകരിച്ച വോട്ടർപട്ടികക്ക് ശേഷം 3,88,000 വോട്ടർമാരാണ് പുതുതായി ചേർന്നിട്ടുളളത്. 18 – 19 വയസ് പ്രായമുള്ള സമ്മതിദായകരാണ് യുവവോട്ടർമാരുടെ വിഭാഗത്തിലുള്ളത്. ഹ്രസ്വകാലയളവിനുള്ളില്‍ യുവ വോട്ടർമാരുടെ എണ്ണത്തില്‍ ഉണ്ടായ ഈ വർദ്ധനവ് ശരാശരി അടിസ്ഥാനത്തില്‍ രാജ്യത്തുതന്നെ ഒന്നാമതാണ്.

ചീഫ് ഇലക്ടറല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പ്രചാരണ പരിപാടികളും ജില്ലാ ഇലക്ഷൻ ഓഫീസർമാരുടെ നേതൃത്വത്തില്‍ ജില്ലാ തലങ്ങളില്‍ നടത്തിയ പ്രചാരണവുമാണ് യുവാക്കളുടെ എണ്ണത്തില്‍ വർദ്ധനവ് ഉണ്ടാക്കിയതെന്നാണ് വിലയിരുത്തല്‍.
സോഷ്യല്‍ മീഡിയ മുഖേനയും കോളജുകള്‍, സർവകലാശാലകള്‍, പൊതുഇടങ്ങള്‍ എന്നിവിടങ്ങളിലും വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വോട്ടുവണ്ടി പ്രചാരണ വാഹനം സംസ്ഥാനത്തെ വിവിധ നിയോജക മണ്ഡലങ്ങളില്‍ പ്രചാരണം നടത്തി. വോട്ടർ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ചീഫ് ഇലക്‌ടറല്‍ ഓഫിസറുടേയും ജില്ലാ തെരഞ്ഞെടപ്പ് ഓഫിസർമാരുടേയും നേതൃത്വത്തില്‍ തയാറാക്കി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാദ്ധ്യമ പ്ലാറ്റ്‌ഫോമുകളില്‍ അപ്ലോഡ് ചെയ്ത പോസ്റ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

Related Articles

Back to top button