IndiaLatest

മലയാളം സംസാരിക്കുന്നതിന് വിലക്ക്: പ്രതിഷേധം ശക്തമാക്കാനൊരുങ്ങി നഴ്‌സുമാര്‍

“Manju”

ന്യൂഡല്‍ഹി: ആശുപത്രിയില്‍ മലയാളം സംസാരിക്കുന്നത് വിലക്കിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി നഴ്‌സുമാര്‍. ഡല്‍ഹി ജി ബി പന്ത് ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ടാണ് മലയാളം സംസാരിക്കുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്. വിഷയത്തില്‍ ഇന്നലെ രാത്രിയില്‍ ഓണ്‍ലൈന്‍ മുഖേന ചേര്‍ന്ന നഴ്‌സുമാരുടെ യോഗം ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച്‌ ഇന്നുമുതല്‍ പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ ആശുപത്രിയിലെ ഭൂരിഭാഗം രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന സൂപ്രണ്ടിന്റെ വാദം നഴ്‌സുമാര്‍ തള്ളി. ഇത്തരമൊരു നടപടി നഴ്‌സുമാരെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നുയെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം. അതേസമയം, വിഷയത്തില്‍ ഇടപെട്ട കേരളത്തില്‍ നിന്നുള്ള എം പിമാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനോട് ആവശ്യപ്പെട്ടു.

ആശുപത്രിയില്‍ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മിസോറാം തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുണ്ട്. ഇവിടെ നിന്നുള്ളവര്‍ ആശയവിനിമയം നടത്തുന്നത് അവരുടെ പ്രാദേശിക ഭാഷയിലാണെന്ന് ആശുപത്രിയിലെ മലയാളി നഴ്‌സുമാര്‍ പറയുന്നു. തൊഴില്‍ സമയത്ത് ജീവനക്കാര്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Related Articles

Back to top button