India

ലുഡോ ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

“Manju”

മുംബൈ: ലോക്ഡൗൺ സമയത്ത് ഏറെ ജനപ്രീതി നേടിയ ഗെയിമായിരുന്നു ലുഡോ. ലൂഡോയ്‌ക്കെതിരെ ഹർജിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് യുവാവ്. മഹാരാഷ്ട്ര നവ നിർമാൻ സേനയിലെ അംഗമായ കേശവ് മൂലെയാണ് ബോംബെ
ഹൈക്കോടതിയിൽ ലുഡോക്കെതിരെ പരാതിയുമായി എത്തിയത്. ലുഡോയെ കഴിവ് ഉപയോഗപ്പെടുത്തി വിജയിക്കുന്ന ഒരു മത്സരം എന്ന് വിശേഷിപ്പിക്കുന്നത് നിർത്തണമെന്നും ഭാഗ്യം മാത്രം അടിസ്ഥാനപ്പെടുത്തി വിജയിയെ തീരുമാനിക്കുന്ന മത്സരം ആയി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

ലുഡോയുടെ പേരിൽ നടക്കുന്ന ചൂതാട്ടം സാമൂഹിക തിന്മയായി മാറുന്നുവെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു. മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു ഈ വിഷയം ആദ്യം എത്തിയതെങ്കിലും കോടതി പരിഗണനയിൽ എടുക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് പരാതിക്കാരൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

പണം ഉപയോഗിച്ച് ലുഡോ കളിക്കുന്നത് ചൂതാട്ട നിരോധന നിയമത്തിന്റെ 3, 4, 5 സെഷനുകളുടെ പരിധിയിൽ വരുമെന്നും കേശവ് അവകാശപ്പെട്ടു. ഗെയിം കളിക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്നും കേശവ് ആവശ്യപ്പെടുന്നു.

ലുഡോയുടെ മൊബൈൽ വേർഷനെതിരെ നടപടി എടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ജൂൺ 22 ന് ഹർജി കോടതി പരിഗണിക്കും. കൊറോണ കാലത്ത് ലോക്ക്ഡൗൺ കാരണം ആളുകൾ വിനോദത്തിനായി കൂടുതലായി ഉപയോഗിച്ച മൊബൈൽ ഗെയിമാണ് ലുഡോ. ലുഡോ സുപ്രീം ആപ്പ് നാല് പേര് കളിക്കുമ്പോൾ ഒരാളിൽ നിന്ന് 5 രൂപ വീതം ഈടാക്കുന്നുണ്ട്. വിജയിക്കുന്ന വ്യക്തിക്ക് 17 രൂപ മാത്രമാണ് ലഭിക്കുന്നത് എന്നും ബാക്കി 3 രൂപ ഗെയിം നിർമിച്ച കമ്പനിക്കാണെന്നും പരാതിക്കാരൻ പറയുന്നു.

Related Articles

Back to top button