IndiaLatest

ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

“Manju”

ഡല്‍ഹി: കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ ചന്തകളും മാളുകളും തുറക്കാന്‍ അനുമതി നല്‍കിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകളില്‍ ഗണ്യമായ കുറവാണ് ഉണ്ടായത്. തുടര്‍ന്ന് ജൂണ്‍ ഒന്നുമുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.

മാളുകളും ചന്തകളും തിങ്കളാഴ്ച മുതല്‍ രാവിലെ പത്തുമണി മുതല്‍ വൈകീട്ട് എട്ടുമണി വരെ തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയത്. ഒരു പ്രദേശത്ത് ഒരു ചന്ത തുറക്കാനെ അനുവദിക്കൂ. 50 ശതമാനം ജീവനക്കാരുമായി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം. 50 ശതമാനം സീറ്റിങ് കപാസിറ്റിയുമായി റെസ്റ്റോറന്റുകള്‍ക്കും പ്രവര്‍ത്തനം ആരംഭിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഒരാഴ്ച സ്ഥിതിഗതികള്‍ നിരീക്ഷിക്കും. കോവിഡ് കേസുകള്‍ വീണ്ടും ഉയരുകയാണെങ്കില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് കെജരിവാള്‍ മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button