InternationalLatest

മൂന്ന് പതിറ്റാണ്ടിനു ശേഷം യു എ ഇക്ക് യു എന്‍ സുരക്ഷാ സമിതിയില്‍ അംഗത്വം

“Manju”

ദുബൈ: മൂന്ന് പതിറ്റാണ്ടിന് ശേഷം യു എ ഇക്ക് യുഎന്‍ രക്ഷാ സമിതിയില്‍ അംഗത്വം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച്‌ രാഷ്ട്ര നേതാക്കള്‍. 2022 – 23 വര്‍ഷത്തേക്കാണ് യു എ ഇ ഉള്‍പെടെ അഞ്ച് രാജ്യങ്ങളെ യു എന്‍ ജനറല്‍ അസംബ്ലി തെരഞ്ഞെടുത്തത്. 193 അംഗ ജനറല്‍ അസംബ്ലിയില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയാണ് വേണ്ടതെങ്കിലും 179 വോടുകള്‍ നേടിയാണ് യു എ ഇ രക്ഷാസമതിയില്‍ അംഗത്വം നേടിയത്.

അന്താരാഷ്ട്ര തലത്തിലെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് രക്ഷാസമിതി അംഗത്വം ഉപയോഗിക്കുമെന്ന് അബുദബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഡെപ്യൂടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ട്വിറ്ററില്‍ പ്രതികരിച്ചു. രാജ്യം സ്ഥാപിതമായതു മുതല്‍ തുടരുന്ന അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താന്‍ പുതിയ അവസരം ഉപയോഗപ്പെടുത്തും. അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ച്‌ ലോകം അനുഭവിക്കുന്ന ഗുരുതരമായ വെല്ലുവിളികളെ നേരിടുന്നതില്‍ തങ്ങളുടെ പങ്ക് വഹിക്കാന്‍ യു എ ഇക്ക് എന്നും സാധിച്ചിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.

രാജ്യം മുന്നോട്ടുവെക്കുന്ന വികസന മോഡലിന് ലഭിച്ച അംഗീകാരമാണിതെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം ട്വീറ്റ് ചെയ്തു. രക്ഷാസമിതി അംഗമെന്ന നിലയില്‍ സജീവവും സക്രിയവുമായ ഇടപെടുലകള്‍ യു എ ഇ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സിയാദിന്റെ നേതൃത്വത്തിലുള്ള നയതന്ത്രസംഘത്തെ അദ്ദേഹം അഭിനന്ദിച്ചു. ഏഷ്യാ പസഫിക് മേഖലയെ പ്രതിനിധീകരിച്ച്‌ 2022 ജനുവരി മുതലാണ് യു എ ഇക്ക് രക്ഷാസമിതിയില്‍ സീറ്റ് ലഭിക്കുക. നിലവില്‍ ടുനീഷ്യയാണ് ഈ മേഖലയിലെ പ്രതിനിധി. 1971 മുതല്‍ യു എനില്‍ അംഗമായിരുന്ന യു എ ഇ 1986-87 കാലത്താണ് ഇതിനു മുമ്ബ് രക്ഷാസമിതിയില്‍ അംഗമായത്.

യു എ ഇക്കൊപ്പം അല്‍ബേനിയ, ബ്രസീല്‍, ഗാബോണ്‍, ഘാന എന്നീ രാജ്യങ്ങളും പുതുതായി യു എന്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒമാന്‍, കുവൈറ്റ്, ബഹ്‌റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ രക്ഷാസമിതിയില്‍ അംഗത്വം നേടിയ യു എ ഇയെ അഭിനന്ദിച്ചു

Related Articles

Back to top button