IndiaLatest

ദേശീയ കമ്മീഷൻ അംഗങ്ങൾ ചുമതലയേറ്റു: അഭിമാനമായി മലയാളിയും

“Manju”

ന്യൂഡൽഹി: ഭാരതീയ ചികിത്സ വിഭാഗങ്ങൾക്കു വേണ്ടിയുള്ള ദേശീയ കമ്മീഷൻ രൂപീകൃതമായി. 1970 ലെ ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ ആക്ടിനു കീഴിൽ രൂപീകരിച്ച സെൻട്രൽ കൗൺസിൽ ഫോർ ഇന്ത്യൻ മെഡിസിൻ പിരിച്ചുവിട്ടു കൊണ്ടാണ് നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസിറ്റം ഓഫ് മെഡിസിൻ ബിൽ പ്രകാരം പുതിയ കമ്മീഷൻ പ്രവർത്തനമാരംഭിക്കുന്നത്. കേന്ദ്രസർക്കാർ നിയോഗിക്കുന്ന 29 അംഗങ്ങളാണ് ദേശീയ കമ്മീഷനിൽ ഉൾപ്പെടുന്നത്. ദേശീയ കമ്മീഷനു കീഴിൽ രൂപീകരിച്ച നാല് സ്വയംഭരണ ബോർഡുകളുടെ ചെയർപേഴ്‌സണായി വൈദ്യ ജയന്ത് യശ്വന്ത് ദ്യോജ്പുരിയും പ്രസിഡന്റുമാരായി ഡോ.ശ്രിനിവാസ പ്രസാദ് ബുർദു, ഡോ.കെ.ജഗന്നാഥൻ, ഡോ.യു.രഘുറാം ഭട്ട, വൈദ്യ രാകേഷ് ശർമ്മ എന്നിവരും ഇന്നലെ ചുമതലയേറ്റു. കേന്ദ്ര ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ചക്കു മുൻപാകെയാണ് ദേശീയ കമ്മീഷനിലെ ആദ്യ അംഗങ്ങൾ ചുമതലയേറ്റത്. ഇതിൽ ബോർഡ് ഓഫ് യുനാനി, സിദ്ധ ആന്റ് സോവ റിഗ്ഗ്പയുടെ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് കേരളത്തിൽ നിന്നുള്ള ഡോ.കെ.ജഗന്നാഥനെയാണ്. സംസ്ഥാനത്തെ ഏക സിദ്ധ മെഡിക്കൽ കോളേജായ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജായി സേവനമനുഷ്ടിച്ചിരുന്ന ഇദ്ധേഹം കണ്ണൂർ നാറാത്ത് സ്വദേശിയാണ്. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിനടുത്തുള്ള ഗ്രീൻഗാർഡനിൽ ‘പ്രണവം’ വീട്ടിലാണ് താമസം. ഡോ. ജി.മോഹനാംബിഗയാണ് ഭാര്യ. ജെ.ധനജ്ഞയ്, ജെ. ഹരിപ്രിയ എന്നിവർ മക്കളാണ്. ശാന്തിഗിരി ആശ്രമത്തിന്റെ മരുന്നു നിർമ്മാണത്തിലും ഗവേഷണ പദ്ധതികളിലും പങ്കാളിയായിരുന്നു.

ക്യാബിനറ്റ് സെക്രട്ടറി ഉൾപ്പെടെ അഞ്ച് അംഗങ്ങളും കേന്ദ്രസർക്കാർ നാമനിർദ്ദേശം ചെയ്ത മൂന്ന് വിദഗ്ധരും ചേർന്നാണ് ദേശീയ കമ്മീഷനിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. വിവിധ സ്വയംഭരണ ബോർഡുകളിലേക്ക് പാർട്ട് ടൈം അംഗങ്ങളെക്കൂടി ഉടൻ തെരഞ്ഞെടുക്കും . 2019 ജനുവരി 7 നാണ് കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപാദ് യെസ്സോ നായിക് നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുന്നത്. ജനുവരി 11 ന് ഈ ബിൽ രാജ്യസഭ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് കൈമാറുകയും തുടർന്ന് 2019 നവംബർ 27 ന് സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് ലഭിച്ചതോടെ 2020 മാർച്ച് 18 ന് ബിൽ രാജ്യസഭ പാസാക്കുകയും ചെയ്തു. പിന്നേട് 2020 സെപ്തംബർ 14 ന് ലോക് സഭയും ബിൽ പാസാക്കി. ഇന്നലെ കമ്മീഷനിലെ ആദ്യ അംഗങ്ങൾ ചുമതലയേറ്റതോടെ ദേശീയ കമ്മീഷൻ പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ മെഡിക്കൽ സ്ഥാപനങ്ങളെയും മെഡിക്കൽ പ്രൊഫഷണലുകളെയും നിയന്ത്രിക്കുന്നതിനുള്ള നയങ്ങൾ രൂപപ്പെടുത്തൽ, ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട മാനവ വിഭവശേഷിയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും ആവശ്യകതകൾ വിലയിരുത്തൽ, ബില്ലിനു കീഴിലുള്ള ചട്ടങ്ങൾ സ്റ്റേറ്റ് മെഡിക്കൽ കൗൺസിലുകളുടെ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ബില്ലിന് കീഴിൽ രൂപീകരിച്ച സ്വയംഭരണ ബോർഡുകൾക്കിടയിൽ ഏകോപനം ഉറപ്പാക്കുക എന്നിവയാണ് ദേശീയ കമ്മീഷനിലൂടെ സർക്കാർ ഉദ്ധേശിക്കുന്നത്.

 

Related Articles

Back to top button