KeralaLatestThiruvananthapuram

പോത്തന്‍കോട് മിനി സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ഉടന്‍: മന്ത്രി ജി.ആര്‍. അനില്‍

“Manju”

പോത്തന്‍കോട്: പഞ്ചായത്ത് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഒരു കുടക്കീഴിലാക്കുക എന്ന ഉദ്ദേശ്യത്തോടെ പോത്തന്‍കോട് ജംഗ്‌ഷനില്‍ നിര്‍മ്മിച്ച മിനി സിവില്‍ സ്റ്റേഷന്‍ രണ്ടുമാസത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്ന് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. പ്രവര്‍ത്തന പുരോഗതി വിലയിരുത്താനെത്തിയ മന്ത്രി പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

നാല് നിലകളിലായുള്ള കെട്ടിട സമുച്ചയത്തിന് 2019 ജൂണില്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനാണ് തറക്കല്ലിട്ടത്. 10 പ്രധാന സര്‍ക്കാര്‍ ഓഫീസുകളാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുക. പൊതുമരാമത്ത് വകുപ്പിലെ ആര്‍ക്കിടെക്ചര്‍ വിഭാഗം രൂപകല്പന ചെയ്ത 36,600 ചതുരശ്ര അടിയുള്ള കെട്ടിട സമുച്ചയത്തിന് 10 കോടി രൂപയാണ് ചെലവ്.

പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. അനില്‍, വൈസ് പ്രസിഡന്റ് അനിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍. അനില്‍കുമാര്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ലൈജു, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ബിജു.കെ.ആര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ദീപിക, മരാമത്ത് വകുപ്പിലെ ഇലക്‌ട്രിക്കല്‍ വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സിസില്‍ വര്‍ഗീസ്, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ദിനേശ് തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Articles

Back to top button