KeralaLatest

കാരുണ്യ ഫാർമസിയിൽ മരുന്നു വില്പന ആരംഭിച്ചു.

“Manju”

ചെങ്ങന്നൂർ: കഴിഞ്ഞ നാലാഴ്ചയായി പ്രവർത്തിക്കാതിരുന്ന ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാർമസിയിൽ ഇന്നു മുതൽ മരുന്നു വില്പന ആരംഭിച്ചു. നഗരസഭാ കൗൺസിലറും മുൻ ചെയർമാനുമായ കെ.ഷിബു രാജൻ ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഇന്ന് രാവിലെ മുതലാണ് ഫാർമസിയിൽ മരുന്നു വില്പന ആരംഭിച്ചത്. പരാതിയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിയ ജില്ലാ ഡ്രഗ് ഇൻസ്പെക്ടർ മഞ്ജു പ്രതാപ് സ്ഥല പരിശോധന നടത്തി തുടർ നടപടി വേഗത്തിലാക്കിയതിനെ തുടർന്നാണ് മരുന്നു വില്പന ആരംഭിച്ചത്. ചെറിയ പോരായ്മകൾ കണ്ടെത്തിയെങ്കിലും അവ ഉടനടി പരിഹരിക്കാം എന്ന ഉറപ്പിന്മേലാണ് ഫാർമസി തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയത്. ചെങ്ങന്നൂരിലെ കാരുണ്യ ഫാർമസി നിർത്തിയതിനെ തുടർന്ന് വർക്കിംഗ് അറേഞ്ച് മെന്റിൽ പത്തനംതിട്ടയിലേയ്ക്കും മാവേലിക്കരയിലേയ്ക്കും മാറ്റിയ രണ്ടു ഫാർമസിസ്റ്റുകളെ തിരികെ ചെങ്ങന്നൂരിൽ നേരത്തെ നിയമിച്ചു ഉത്തരവായിരുന്നു. പ്രവർത്തനം നിലച്ചതിനെ തുടർന്ന് ശേഖരിച്ചു വെച്ചിരുന്ന മരുന്നുകളെല്ലാം മറ്റു ഫാർമസികളിലേയ്ക്ക് മാറ്റിയിരുന്നു. ചെങ്ങന്നൂരിലേയ്ക്ക് ആവശ്യമായ മരുന്നുകൾ വീണ്ടും എത്തിക്കുവാൻ വൈകിയതിനെ തുടർന്നാണ് കഴിഞ്ഞ14 ന് തുറക്കാനിരുന്ന ഫാർമസിയുടെ പ്രവർത്തനം രണ്ടു ദിവസം കൂടി വൈകിയത്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലെ ലോക് ഡൗണിൽ കർശന നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് മരുന്നുകൾ എത്താൻ വൈകിയതെന്നാണ് അധികൃതർ പറയുന്നത്. ഇനിയും അവശ്യ മരുന്നുകളിൽ പലതും എത്തിക്കാനുമുണ്ട്. പുറത്തു നിന്നു ലഭിക്കുന്ന മരുന്നുകളേക്കാൾ 20 ശതമാനം മുതൽ 9O ശതമാനം വരെ വിലക്കുറവിലാണ് കാരുണ്യ ഫാർമസിയിൽ നിന്നും മരുന്നുകൾ ലഭിക്കുന്നത്. ക്യാൻസറടക്കമുള്ള മാരക രോഗങ്ങൾ ബാധിച്ചവരും ഡയാലിസീസ് ചെയ്യുന്ന രോഗികളും വലിയ തുക മുടക്കി പുറത്തു നിന്നു മരുന്നുകൾ വാങ്ങേണ്ട ഗതികേടിലായിരുന്നു. ലോക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് വിദൂരങ്ങളിലുള്ള കാരുണ്യ ഫാർമസികളിൽ പോയി മരുന്നു വാങ്ങാൻ കഴിയാത്ത അവസ്ഥയിലുമായിരുന്നു. ജില്ലാ ആശുപത്രിയിലെ മുൻ വശത്തെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനെ തുടർന്ന് കഴിഞ്ഞ മെയ് 20 മുതൽ കാരുണ്യ ഫാർമസിയുടെ പ്രവർത്തനം നിർത്തി വെച്ചിരുന്നത്. ജില്ലാ ആശുപത്രി കഴിഞ്ഞ മെയ് 3 മുതൽ ബോയ്സ് ഹൈസ്ക്കൂളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. കാരുണ്യ ഫാർമസിക്കായി പ്രത്യേക മുറി സജ്ജീകരിച്ച് ലൈസൻസിനുളള അപേക്ഷയും സമർപ്പിച്ചിരുന്നു. സൗകര്യങ്ങൾ പരിശോധിച്ച് ലൈസൻസ് നൽകാൻ വൈകിയതിനെ തുടർന്നാണ് പ്രവർത്തനം പുനരാരംഭിക്കാതിരുന്നത്. ശരിയായ രേഖകൾ ലഭിക്കാൻ വൈകിയതും ലോക്ഡൗൺ നിയന്ത്രണങ്ങളുമാണ് പരിശോധന വൈകാൻ കാരണമെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പറയുന്നു. ബോയസ് ഹൈസ്ക്കൂളിൽ ആശുപത്രി പ്രവർത്തനമാരംഭിച്ചിട്ട് ഒന്നര യാഴ്ച കഴിഞ്ഞിട്ടും ഫാർമസി തുറക്കാത്തതിനെ തുടർന്നാണ് നഗരസഭാ കൗൺസിലർ കെ.ഷിബു രാജൻ ആരോഗ്യ വകുപ്പു മന്ത്രിയ്ക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകുകയും വകുപ്പുതല ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങൾ വേഗത്തിലാക്കി ഫാർമസി തുറക്കാൻ വേണ്ട നടപടിയൊരുക്കുകയുമായിരുന്നു.

അജിത് ജി. പിള്ള

Related Articles

Check Also
Close
Back to top button