InternationalLatest

പാഞ്ച്ഷിർ പിടിക്കാനുള്ള പോരാട്ടം കടുപ്പിച്ച് താലിബാൻ;നൂറുകണക്കിന് മരണം

“Manju”

കാബൂള്‍: അഫ്ഗാനിസ്ഥാ‍നിലെ പാഞ്ച്ഷിർ പ്രവിശ്യ പിടിച്ചെടുക്കാനുള്ള പോരാട്ടം കടുപ്പിച്ച് താലിബാൻ. നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോ‍ർട്ടുകൾ. മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തെന്ന് താലിബാൻ അവകാശപ്പെട്ടു. എന്നാൽ ദേശീയ പ്രതിരോധ മുന്നണി നേതാക്കൾ ഇത് തള്ളുകയാണ്.
പ്രധാന പാതകളെല്ലാം താലിബാൻ തടഞ്ഞിരിക്കുകയാണ്. ഭക്ഷ്യ വസ്തുക്കൾക്കടക്കം ക്ഷാമം ഉണ്ടെന്നും ഐക്യരാഷ്ട്രസഭയും വിദേശ രാഷ്ട്രങ്ങളും ഇടപെടണമെന്നും മുൻ അഫ്ഗാൻ വൈസ് പ്രസിഡന്‍റ് അമറുള്ള സലേ ട്വിറ്ററിൽ ആവശ്യപ്പെട്ടു. പാഞ്ച്ഷീറിലെ പോരാട്ടം കനത്തതോടെ സർക്കാർ രൂപീകരണത്തിൽ മെല്ലെപ്പോക്ക് തുടരുകയാണ് താലിബാൻ.
ഇതിനിടെ, പ്രധാന പ്രശ്നങ്ങളിൽ താലിബാനുമായി ചർച്ചയ്ക്കുള്ള വാതിൽ തുറന്നിട്ടതായി അമേരിക്ക പ്രഖ്യാപിച്ചു. യുഎസ് പ്രതിരോധ സെക്രട്ടറി നാളെ ഖത്തറിൽ എത്തുന്നുണ്ട്. സന്ദർശനത്തിനിടെ താലിബാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമോ എന്ന് വ്യക്തമല്ല. ഇതിനിടെ അഫ്ഗാനിലെ മുൻ സർക്കാരുമായി ബന്ധപ്പെട്ട ഇമെയിൽ അക്കൗണ്ടുകൾ ഗൂഗിൾ താൽക്കാലികമായി മരവിപ്പിച്ചു.
അതേസമയം താലിബാനുമായി കർശന ഉപാധികളോടെ സഹകരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു. എന്നാൽ അത് താലിബാനെ അംഗീകരിക്കൽ അല്ല എന്നും വിദേശനയ മേധാവി ജോസെപ് ബോറെൽ വ്യക്തമാക്കി.
അഫ്ഗാൻ ജനതയ്ക്ക് വേണ്ടി ഭരിക്കുന്നവരുമായുള്ള അവശ്യ ആശയവിനിമയം മാത്രമായിരിക്കും നടത്തുക. തീവ്രവാദം, മനുഷ്യാവകാശം തുടങ്ങിയ കാര്യങ്ങളിലുള്ള താലിബാൻ നയം പരിശോധിച്ച് തുടർനിലപാട് തീരുമാനിക്കുമെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി.

Related Articles

Back to top button