KottayamLatest

ലക്ഷ്മിക്ക് ആശംസകളുമായി സുരേഷ് ഗോപി

“Manju”

കോട്ടയം: പുത്തന്‍ ലാപ്‌ടോപ്പിലെ ആദ്യ സൂം മീറ്റിങ് ലക്ഷ്മിയെന്ന കൊച്ചു മിടുക്കി ഒരിക്കലും മറക്കില്ല. ലക്ഷ്മി മോളേ എന്ന ഒറ്റവിളിയില്‍ പറയാനായി കരുതിവെച്ചതെല്ലാം ലക്ഷ്മി മറന്നുപോയി ! ഇപ്പോഴും ആ വിളികേട്ട ത്രില്ലിലാണ് ലക്ഷ്മി വി നായരെന്ന പൂഞ്ഞാര്‍ എസ്എംവി സ്‌കൂളിലെ ഈ ഒന്‍പതാം ക്ലാസുകാരി.
നാസയുടെ സഹകരണത്തോടെ നടപ്പാക്കുന്ന വേള്‍ഡ് എഡ്യൂക്കേഷണല്‍ ഗ്ലോബ് പരിപാടിയില്‍ 112 രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 12 പേരില്‍ ഒരാളായ പൂഞ്ഞാര്‍ കുന്നോന്നി പള്ളിക്കുന്നേല്‍ വിജയകുമാറിന്റെയും ശ്രീജയുടെയും മകളായ ലക്ഷ്മിയെന്ന കൊച്ചുമിടുക്കിയെ തേടി കഴിഞ്ഞ ദിവസം നടന്‍ സുരേഷ്‌ഗോപിയുടെ സമ്മാനമെത്തിയിരുന്നു. ഒരു ലാപ്‌ടോപ്പായിരുന്നു സുരേഷ്‌ഗോപി ലക്ഷ്മിക്ക് സമ്മാനമായി നല്‍കിയത്.
ഈ ലാപ്‌ടോപ്പിലൂടെയായിരുന്നു ലക്ഷ്മിയുമായി സുരേഷ് ഗോപി സംവദിച്ചത്. ഗ്ലോബ് പ്രോഗ്രാമില്‍ ലക്ഷ്മി പങ്കെടുക്കുന്നതെങ്ങനെയെന്ന് സുരേഷ് ഗോപി ചോദിച്ചറിഞ്ഞു. അര്‍പ്പണമനോഭാവത്തോടെ ചിട്ടയായ പഠനക്രമങ്ങളിലൂടെ ഉന്നതങ്ങളിലെത്തണെമന്ന് ലക്ഷ്മിയോട് സുരേഷ് ഗോപി പറഞ്ഞു.
ലക്ഷ്മിയെ പറ്റി അറിയാനായ സാഹചര്യവും തന്റെ ആദ്യ മകളുമായി ലക്ഷ്മിക്കുള്ള സാമ്യവും സുരേഷ് ഗോപി പറഞ്ഞു. തന്റെ ഭാര്യ രാധിക മക്കളായ ഗോകുല്‍, ഭാഗ്യ, ഭാവ്‌നി, മാധവ് എന്നിവരുടെ അന്വേഷണവും സുരേഷ് ഗോപി പങ്കുവച്ചു. സുരേഷ് ഗോപിയുടെ മരിച്ചുപോയ മൂത്തകളുടെ പേരും നക്ഷത്രവുമൊക്കെ ഒരുപോലെയായതാണ് സുരേഷ് ഗോപിക്ക് ലക്ഷ്മിയോട് കൂടുതല്‍ അടുപ്പത്തിനിടയാക്കിയത്.
ലക്ഷ്മിയുടെ വിദ്യാഭ്യാസ കാര്യങ്ങളും സുരേഷ് ഗോപി പ്രത്യേകം അന്വേഷിച്ചു. ഗ്ലോബ് പരിപാടിയുടെ ഭാഗമാകാന്‍ ലക്ഷ്മിയെ പ്രേരിപ്പിച്ച അധ്യാപകന്‍ പ്യാരിലാലിനെ അദ്ദേഹം അഭിനന്ദിച്ചു. ലക്ഷ്മിക്ക് എന്നും താങ്ങും തണലുമായ മാതാപിതാക്കളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ വാഗമണ്ണില്‍ ഷൂട്ടിങ് മുടങ്ങിയ തന്റെ ചിത്രമായ പാപ്പന്റെ ഷൂട്ടിങ് പുനരാരംഭിച്ചാല്‍ ലക്ഷ്മിയെ കാണാന്‍ നേരിട്ടെത്തുമെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി. ലക്ഷ്മിയുടെ മാതാപിതാക്കളും ലക്ഷ്മിയെപ്പറ്റി സുരേഷ് ഗോപിയെ അറിയിച്ച അദ്ദേഹത്തിന്റെ സുഹൃത്തായ ബിജു പുളിക്കക്കണ്ടം എന്നിവരും ലക്ഷ്മിക്കൊപ്പമുണ്ടായിരുന്നു.

Related Articles

Back to top button