Uncategorized

കിടപ്പാടം നഷ്ടമായ കർഷകൻ ചിതയൊരുക്കി ജീവനൊടുക്കി

“Manju”

വിശാഖപട്ടണം : തെലങ്കാനയിൽ മല്ലന്ന സാഗർ പദ്ധതിയുടെ ഭാഗമായി കിടപ്പാടം നഷ്ടപ്പെട്ട കർഷകൻ ആത്മഹത്യ ചെയ്തു. സിദ്ദിപ്പേട്ട് ജില്ലയിലായിരുന്നു സംഭവം. വെമുലാഘട്ട് ഗ്രാമത്തിലെ കർഷകനായ തൂഡുകുറി മല്ല റെഡ്ഡി (70) ആണ് സ്വയം ഒരുക്കിയ ചിതയിൽ ചാടി ആത്മഹത്യ ചെയ്തത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റിസർവോയറുകൾ സ്ഥാപിക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പ്രൊജക്ടിന് കീഴിൽ വരുന്നതാണ് മല്ലന്ന സാഗർ. മേഖലയിൽ റിസർവോയർ സ്ഥാപിക്കുന്നതിനായി മല്ല റെഡ്ഡിയുടേത് അടക്കം ഏക്കർ കണക്കിന് ഭൂമി ചന്ദ്രശേഖർ റാവു സർക്കാർ ഏറ്റെടുത്തിരുന്നു. ഭൂമി നഷ്ടമാകുന്നവരുടെ പുനരധിവാസത്തിനായി പുതിയ വീടുൾപ്പെടെ നൽകാമെന്ന് ഉറപ്പ് നൽകിയ ശേഷമായിരുന്നു ഇത്. എന്നാൽ കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ പുതിയ വീട് ലഭിക്കില്ലെന്നാണ് റവന്യൂ ഡിപ്പാർട്ട്‌മെന്റിൽ നിന്നും ലഭിച്ച വിവരം. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ.

ഭാര്യയും മൂന്ന് പെൺമക്കളും അടങ്ങുന്ന കുടുംബമായിരുന്നു മല്ല റെഡ്ഡിയുടേത്. മൂത്ത മകൾ രണ്ട് വർഷങ്ങൾക്ക് മുൻപ് മരിച്ചു. അർബുദ ബാധിതയായിരുന്ന ഭാര്യ മാസങ്ങൾക്ക് മുൻപും, കൊറോണ ബാധിച്ച് രണ്ടാമത്തെ മകൾ അടുത്തിടെയുമായി മരിച്ചിരുന്നു. തുടർന്ന് ഇളയ മകൾക്കൊപ്പം താത്കാലികമായി തയ്യാറാക്കിയ ചെറിയ വീട്ടിലായിരുന്നു മല്ല റെഡ്ഡിയുടെ താമസം.

പദ്ധതിയ്ക്കായി സർക്കാർ പൊളിച്ചു നീക്കിയ വീടിന്റെ പട്ടിക കഷ്ണങ്ങൾ ചേർത്താണ് മല്ല റെഡ്ഡി ചിതയൊരുക്കിയത്. തീ കത്തിച്ച ശേഷം അതിലേക്ക് ചാടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസുകാരും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. സർക്കാരിന്റെ അനാസ്ഥയാണ് കർഷകന്റെ മരണത്തിന് കാരണായതെന്ന് ബിജെപി ആരോപിച്ചു.

മല്ലന്ന സാഗർ റിസർവോയർ നിർമ്മിക്കുന്നതിനെതിരെ തുടക്കം മുതൽ തന്നെ കർഷകർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

Related Articles

Back to top button