KeralaLatest

കെ മുരളീധരന്‍ യുഡിഎഫ് കണ്‍വീനറാകും.

“Manju”

ഡല്‍ഹി: കെ മുരളീധരന്‍ എംപി യുഡിഎഫ് കണ്‍വീനറാകും. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. കെ മുരളീധരനെ കണ്‍വീനറാക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.
പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും മാറ്റിയ രമേശ് ചെന്നിത്തലയെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കാനും ധാരണയായിട്ടുണ്ട്. പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതല ചെന്നിത്തലയ്ക്ക് ലഭിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയാല്‍ കൊള്ളാമെന്ന ആഗ്രഹം ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചെങ്കിലും തല്‍ക്കാലം അതുണ്ടാകില്ല.
അതിനിടെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പദവിയില്‍ നിന്നും ഒഴിവാക്കപ്പെട്ട കെവി തോമസിനെ എഐസിസി സെക്രട്ടറിയാക്കാന്‍ ധാരണയായിട്ടുണ്ട്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസങ്ങളില്‍ കെവി തോമസ് നടത്തിയ നീക്കം വിജയിച്ചിരുന്നില്ല. എങ്കിലും മുതിര്‍ന്ന നേതാവെന്ന നിലയിലും സോണിയാ ഗാന്ധിയുമായുള്ള അടുപ്പവുമാണ് എഐസിസി സെക്രട്ടറിയാകാനുള്ള തോമസിന്റെ സാധ്യത വര്‍ധിപ്പിച്ചത്.
നേരത്തെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും എംഎം ഹസനെ ഉടന്‍ മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമൊക്കെ മാറിവന്ന സാഹചര്യത്തില്‍ അതിനൊപ്പം പ്രാപ്തിയുള്ളയാളെ മുന്നണിയെ നയിക്കാന്‍ നിയോഗിക്കണെമെന്നാണ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിലാണ് കെ മുരളീധരനെ ഹൈക്കമാന്‍ഡ് പരിഗണിച്ചത്.
കെ മുരളീധരനും പുതിയ പദവി സ്വീകരിക്കാന്‍ തയ്യാറാണന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചു. കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ഇക്കാര്യം സംസാരിച്ചിരുന്നു. ഇരുവരും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായില്ല.
എന്നാല്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ലക്ഷ്യമിട്ട് കെവി തോമസ് ഹൈക്കമാന്‍ഡിലും സമ്മര്‍ദ്ദം ചെലുത്തിയത് ചെറിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കെവി തോമസിനെ പെട്ടെന്ന് ഒഴിവാക്കാന്‍ സോണിയാ ഗാന്ധി വിസമ്മതിച്ചതാണ് നേരത്തെ യുഡിഎഫ് കണ്‍വീനറെ പ്രഖ്യാപിക്കാന്‍ തടസമായത്.
എന്നാല്‍ കേരളത്തിലെ പ്രവര്‍ത്തകരുടെ വികാരം പൂര്‍ണമായും മാനിക്കണമെന്ന തീരുമാനത്തിലാണ് കെ മുരളീധരനെ തന്നെ കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്.

Related Articles

Back to top button