InternationalLatest

പ്രവാസികള്‍ക്ക് ഇന്നുമുതല്‍ യു എ ഇയിലേക്ക് പ്രവേശിക്കാം

“Manju”

ദുബായ്: പ്രവാസികള്‍ക്ക് യു എ ഇയില്‍ ഇന്നുമുതല്‍ പ്രവേശിക്കാം. ഒരു മാസത്തിലേറെയായി നിലനില്‍ക്കുന്ന പ്രവേശന വിലക്കാണ് നീക്കിയത്. യു എ ഇ അംഗീകരിച്ച കൊവിഷീല്‍ഡ് വാക്‌സിന്‍ രണ്ടുഡോസും സ്വീകരിച്ച താമസവിസക്കാര്‍ക്കാണ് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ റാപ്പിഡ് പരിശോധയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത് തിരിച്ചടിയാവുക‌യാണ്.
ആര്‍ ടി പി സി ആര്‍, റാപ്പിഡ് ടെസ്റ്റ് പരിശോധനകള്‍ക്ക് പുറമെ പി സി ആര്‍ ഫലത്തിന്‍റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ക്യൂ ആര്‍ കോഡ് രേഖപ്പെടുത്തണം. കൂടാതെ ദുബായ് വിമാനത്താവളത്തില്‍ എത്തിയാല്‍ വീണ്ടും ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് വിധേയമാകണം. ഫലംവരുന്നതുവരെ യാത്രക്കാര്‍ നിരീക്ഷണത്തില്‍ കഴിയണം (24 മണിക്കൂറിനകം ഫലം വരും) തുടങ്ങിയവയാണ് യു എ ഇ നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്ന വ്യവസ്ഥകള്‍.
യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിലെ കൊവിഡ് ആര്‍ ടി പി സി ആര്‍ ഫലത്തിനൊപ്പം വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പുള്ള റാപ്പിഡ് പരിശോധനയും വേണം. കേരളത്തില്‍ നാലുവിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും അനിശ്ചിതത്വം തുടരുകയാണെന്നാണ് വിവരം. അതിനാല്‍ ഒട്ടുമിക്ക വിമാനക്കമ്പനികളും ടിക്കറ്റ് ബുക്കിംഗ് ഇപ്പോഴും നിര്‍ത്തിവച്ചിരിക്കുകയാണ്. സര്‍വ്വീസ് ആരംഭിക്കുന്ന കാര്യത്തില്‍ പ്രമുഖ വിമാന കമ്പനികളുടെ ഭാഗത്ത് നിന്നും ഇതുവരെ അറിയിപ്പ് ഉണ്ടായിട്ടില്ല.
യു എ ഇ അംഗീകരിച്ച സിനോഫാം, ഫൈസര്‍, സ്‌പുട്‌നിക്ക് എന്നീ വാക്‌സിനുകള്‍ രണ്ടുഡോസും എടുത്ത് നാട്ടില്‍പ്പോയവര്‍ക്കും ഇന്നുമുതല്‍ യു എ ഇ യിലേക്ക് മടങ്ങിവരാം. ഇന്ത്യയുടെ കൊവാക്‌സിന് യു എ ഇയില്‍ അംഗീകാരമില്ല. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും യു എ ഇ. പ്രവേശനവിലക്ക് തുടരും. യു എ ഇ. പൗരന്മാര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും നിരീക്ഷണം ബാധകമല്ല.

Related Articles

Back to top button