കൊച്ചി കോര്പ്പറേഷന് പരിധിയില്‍ ഡെങ്കിപ്പനി പടരുന്നതായി കണക്കുകള്‍. നഗരത്തില്‍ മാത്രം സംശയിച്ച 176 കേസുകളില്‍, സ്ഥിരീകരിച്ചത് 98 കേസുകളും, ഒരു മരണവുമാണ്. കൊതുകിനെ തുരത്താന്‍ പ്രധാന റോഡുകളിലൂടെ ഫോഗിങ് വാഹനങ്ങള്‍ പോകുന്നുണ്ട്. എങ്കിലും ഇടവഴികളിലും വാഹനങ്ങള്‍ കയറാന്‍ കഴിയാത്തിടങ്ങളിലും ഫോഗിങ് നടത്താന്‍ കഴിയുന്നില്ല. വലിയ വീടുകളിലെ ചെടിച്ചട്ടികളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുക് പെരുകുന്നതിന് ഇടയാക്കുന്നു.
വലിയ വീടുകളില്‍ പരിശോധന നടത്താന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ അനുവദിക്കുന്നുമില്ല. ആറുമാസത്തിനിടെ 241 പേര്‍ക്കാണ് ഡെങ്കി ബാധിച്ചത്. വീടിനുള്ളില്‍ മണിപ്ലാന്റ് ഉള്‍പ്പെടെയുള്ള ചെടികള്‍ വളര്‍ത്തുന്ന പ്രവണത വര്‍ധിച്ചത് കൊതുക് പ്രജനനത്തിന് കാരണമായി. പൂട്ടിക്കിടക്കുന്ന വീടുകളിലെ ടെറസ്, ഒഴിഞ്ഞ പറമ്പുകള്‍ എന്നിവിടങ്ങളും കൊതുക് കേന്ദ്രമാകുന്നു. വൈറ്റില ജനത, കലൂര്‍ നോര്‍ത്ത്, കറുകപ്പള്ളി, കാരണകോടം, മാമംഗലം, പനമ്പള്ളിനഗര്‍, പച്ചാളം, ചക്കാമടം, ഫോര്‍ട്ട്കൊച്ചി പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.