KeralaLatestMalappuram

ആയുര്‍വേദാചാര്യന്‍ ഡോ. പി.കെ വാര്യര്‍ അന്തരിച്ചു

“Manju”

കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ്​ ട്രസ്​റ്റിയും ആയുര്‍വേദാചാര്യനുമായ ഡോ.പി.കെ വാര്യര്‍ അന്തരിച്ചു. 100 വയസായിരുന്നു. ആയുര്‍വേദ ചികിത്സാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു പി.കെ വാര്യര്‍.

ശ്രീധരന്‍ നമ്പൂതിരിയുടെയും കുഞ്ചിവാരസ്യാരുടെയും ഇളയമകനായി 1921 ജൂണിലായിരുന്നു പന്നിയമ്പള്ളി കൃഷ്‌ണന്‍കുട്ടി വാരിയര്‍ എന്ന പി.കെ. വാര്യരുടെ ജനനം. കോട്ടയ്ക്കല്‍ ഗവ. രാജാസ് സ്‌കൂളിലാണ് അദ്ദേഹം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വൈദ്യപഠനം വൈദ്യരത്‌നം പി.എസ്. വാര്യര്‍ ആയുര്‍വേദ കോളജിലും പൂര്‍ത്തിയാക്കി. 1942ല്‍ പഠനം ഉപേക്ഷിച്ച്‌ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത പി.കെ. വാര്യര്‍ പിന്നീട് തിരിച്ചെത്തി വൈദ്യ പഠനം പൂര്‍ത്തിയാക്കി.കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയായി 1944ല്‍ ചുമതലയേറ്റത് പി.കെ. വാര്യരുടെ മൂത്ത ജ്യേഷ്ഠനായ പി. മാധവ വാര്യരായിരുന്നു.

1953ല്‍ വിമാനാപകടത്തില്‍ അദ്ദേഹം മരിച്ചതിനു ശേഷം ഡോ.പി.കെ. വാര്യര്‍ ആര്യവൈദ്യശാലയുടെ ചുമതല ഏറ്റെടുത്തു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ധര്‍മാശുപത്രിയിലെ അലോപ്പതി ശാഖ, റിസേര്‍ച്ച് വാര്‍ഡ്, ഔഷധത്തോട്ടം, ആയുര്‍വേദ ഗവേഷണ കേന്ദ്രം, പ്രസിദ്ധീകരണ വിഭാഗം എന്നിവയെല്ലാം പികെ. വാര്യരുടെ ദീര്‍ഘവീക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്.

ആയുര്‍വേദ രംഗത്തെ സംഭാവനകളെ കണക്കിലെടുത്ത് ഒട്ടേറെ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. 1999ല്‍ പത്മശ്രീയും 2010ല്‍ പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1997ല്‍ ഓള്‍ ഇന്ത്യ ആയുര്‍വ്വേദിക് കോണ്‍ഫറന്‍സ് ‘ആയുര്‍വേദ മഹര്‍ഷി’ സ്ഥാനം അദ്ദേഹത്തിന് സമര്‍പ്പിക്കുകയുണ്ടായി.ധന്വന്തരി പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ അഷ്‌ടാരംഗരത്നം പുരസ്‌കാരം, ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, പതഞ്ജലി പുരസ്‌കാരം, സി. അച്യുതമേനോന്‍ അവാര്‍ഡ്, കാലിക്കറ്റ്, എംജി സര്‍വകലാശാലകളുടെ ഓണററി ഡോക്‌ടറേറ്റ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചു. പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കള്‍ ഡോ. കെ.ബാലചന്ദ്രന്‍ വാര്യര്‍, പരേതനായ കെ. വിജയന്‍ വാര്യര്‍, സുഭദ്ര രാമചന്ദ്രന്‍. മരുമക്കള്‍ രാജലക്ഷ്‌മി, രതി വിജയന്‍ വാര്യര്‍, കെ.വി. രാമചന്ദ്രന്‍ വാര്യര്‍.

Related Articles

Back to top button