Kerala

ഉത്തരക്കടലാസുകൾ കാണാനില്ല; വീണ്ടും പരീക്ഷ എഴുതാൻ ആവശ്യപ്പെട്ട് എംജി

“Manju”

കോട്ടയം : എംജി സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ ഉത്തര കടലാസ് കാണാനില്ല. മൂല്യനിർണയത്തിനായി അദ്ധ്യാപകനെ ഏൽപ്പിച്ച 20 ബികോം വിദ്യാർത്ഥികളുടെ ഉത്തരകടലാസാണ് കാണാതായത്. അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരകടലാസായിരുന്നു ഇത്. തൊടുപുഴ ന്യൂമാൻ കോളേജിലെ വിദ്യാർത്ഥികൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അഞ്ചാം സെമസ്റ്ററിന്റെ ഫലം വന്നപ്പോൾ 20 പേരുടെ കോസ്റ്റ് അക്കൗണ്ടിംഗ് പരീക്ഷാ ഫലം മാത്രം പ്രസിദ്ധീകരിച്ചില്ല. സർവ്വകലാശാലയിൽ അന്വേഷിച്ചപ്പോഴാണ് 20 പേരുടെയും ഉത്തരക്കടലാസ് കാണാനില്ലെന്ന് അറിയുന്നത്. പരിഭ്രാന്തരായ കുട്ടികൾ കോളേജ് വഴി അന്വേഷിച്ചപ്പോൾ മൂല്യനിർണയത്തിനായി അദ്ധ്യാപകനെ ഏൽപ്പിച്ച ഉത്തരക്കടലാസാണ് കാണാതായതെന്ന് വ്യക്തമായി. ഇനി വീണ്ടും പരീക്ഷ എഴുതിയാൽ മാത്രമേ ഫലം പ്രസിദ്ധീകരിക്കൂ എന്ന് സർവ്വകലാശാല അറിയിച്ചതായും വിദ്യാർത്ഥികൾ പറയുന്നു.

എന്നാൽ വീണ്ടും പരീക്ഷ എഴുതാനുള്ള രജിസ്‌ട്രേഷൻ കാലാവധി അവസാനിച്ചിരിക്കുകയാണ്. സർവ്വകലാശാലയുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ നടത്താനുള്ള സൗകര്യം ഒരുക്കിയെന്നും ഫീസ് ഈടാക്കില്ലെന്നും കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം സർവ്വകലാശാലയുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയായതിനാൽ ഇന്റേണൽ മാർക്ക് അടിസ്ഥാനമാക്കി മൂല്യനിർണയം നടത്തണം എന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. മൂല്യനിർണയത്തിൽ വീഴ്ച വരുത്തിയ അദ്ധ്യാപകനെതിരെ നടപടി വേണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു.

Related Articles

Back to top button