KeralaLatest

സഞ്ചാരികളെ ആകർഷിക്കുന്ന വെള്ളാനിക്കൽ പാറ ; ടൂറിസം സാധ്യതകൾ വിലയിരുത്തി മന്ത്രി ജി ആർ അനിൽ

“Manju”

മഹേഷ് കൊല്ലം

പോത്തൻകോട് : പ്രകൃതിയുടെ മടിത്തട്ടിൽ വശ്യസൗന്ദര്യം വിളിച്ചോതുന്ന പാറക്കൂട്ടങ്ങൾ. അതാണ് വെള്ളാനിക്കൽ പാറ. സഹ്യന്റെ പച്ചപ്പും അറബിക്കടലിന്റെ അസ്തമയ കാഴചയുമെല്ലം ഇവിടെ എത്തുന്നവരിൽ നിറയ്ക്കുന്നത് വല്ലാത്തൊരു അനുഭൂതിയാണ്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 1350 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം സഞ്ചാരികളെ ആകർഷിക്കുന്ന ഇക്കോ ടൂറിസം കേന്ദ്രമാക്കണമെന്നാണ് പ്രദേശവാസികളൂടേയും ജനപ്രതിനിധികളുടേയും ആഗ്രഹം. തിരുവനന്തപുരം ജില്ലയിൽ മാണിക്കൽ, മുദാക്കൽ, പോത്തൻകോട് പഞ്ചായത്തുകളൂടെ അതിർത്തി പങ്കിടുന്നതും ഈ പ്രദേശത്താണ്. ഇത്രയേറെ ദൃശ്യഭംഗി പ്രധാനം ചെയ്യുന്ന ഒരിടം കേരളത്തിന്റെ ടൂറിസം സാധ്യതകൾക്ക് ആക്കം കൂട്ടുമെന്ന മാധ്യമപ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ വെള്ളാനിക്കൽ സന്ദർശിച്ചു. അടിസ്ഥാന സൗകര്യ വികസനം ഇനിയും എത്തിയിട്ടില്ലാത്ത പ്രദേശത്ത് മൂന്ന് പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും പ്രദേശവാസികളുടെയും സംയോജിതമായ പ്രവർത്തനത്തിലൂടെ കൃത്യമായ ടൂറിസം രൂപരേഖ ഉണ്ടാക്കുമെന്നും സന്ദർശനവേളയിൽ തന്നെ ഇവിടുത്തെ അനന്തസാധ്യതകൾ ബോധ്യപ്പെട്ടതായും മന്ത്രി ശാന്തിഗിരി ന്യൂസിനോട് പറഞ്ഞു.

സഞ്ചാരികൾക്കുള്ള ഇരിപ്പിടം, ആവശ്യമായ വിളക്കുകൾ, സെക്യൂരിറ്റി സംവിധാനം എന്നിവ പ്രാഥമിക ഘട്ടത്തിൽ ഏർപ്പെടുത്തിയാൽ തന്നെ കുടുംബസമേതം സഞ്ചാരികൾ എത്തുമെന്ന് പഞ്ചായത്ത് പ്രതിനിധികൾ മന്ത്രിയെ ധരിപ്പിച്ചു. സാഹസിക ടൂറിസത്തിന്റെ സാധ്യതകൾ, ശാസ്ത്രഗവേഷണ വിദ്യാർത്ഥികൾക്കുള്ള സൗകര്യങ്ങൾ, ടെലിസ്കോപ്പിങ്ങ് കേന്ദ്രം സ്ഥാപിക്കുന്നതിലൂടെ ഉണ്ടാകുന്ന നേട്ടങ്ങൾ എന്നിവയെക്കുറിച്ച് പോത്തൻകോട് പ്രസ് ക്ലബ് രക്ഷാധികാരി ബി.എസ്. ഇന്ദ്രനും മാധ്യമപ്രവർത്തകരും മന്ത്രിയെ ബോധ്യപ്പെടുത്തി. വെള്ളാനിക്കലിനെയും സമീപ പ്രദേശങ്ങളെയും ചേർത്ത് ഒരു ഇക്കോ ടൂറിസം ഹെറിറ്റേജ് ഹബ്ബ് ആക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് മന്ത്രി മടങ്ങിയത്.

പട്ടിക ഗോത്രവർഗ്ഗത്തിലെ കാണി വിഭാഗക്കാരുടെ ആരാധനാകേന്ദ്രമായ ഒരു ക്ഷേത്രവും പാറമുകളിലുണ്ട്. വെള്ളിയാഴ്ചകളിലാണ് ഇവിടെ പൂജ നടക്കുന്നത്. പുലിച്ചാണിയാണ് വെള്ളാനിക്കലിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു പ്രത്യേകത . ദേശീയപാതയിൽ തോന്നയ്ക്കൽ തിരിഞ്ഞ് വെങ്ങോട് വഴിയും വെഞ്ഞാറമൂട്ടിൽ നിന്നു പാറയ്ക്കൽ വഴിയും തൈക്കാട് കഴക്കൂട്ടം ബൈപാസിൽ നിന്നു കോലിയക്കോട് തിരിഞ്ഞും വെള്ളാനിക്കൽ പാറമുകളിലെത്താം.

130 ഏക്കറിലധികം സ്ഥലമുള്ള വെള്ളാനിക്കൽ പാറയുടെ താഴവാരങ്ങളിൽ അനധികൃത കയ്യേറ്റങ്ങൾ നടക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. മറ്റൊന്ന് ഇവിടേക്കുള്ള റോഡിന്റെ അവസ്ഥയാണ്. ഏറെ ശോചനീയമാണ് റോഡിന്റെ അവസ്ഥ. തെരുവ് വിളക്കുകൾ ഇല്ലാത്തതു മൂലം രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ താവളമായി വെള്ളാനിക്കൽ പാറ മാറുമോ? എന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. മന്ത്രിയുടെ സന്ദർശനത്തോടെ ആശങ്കകൾക്ക് വിരാമമായെന്നും ശുഭപ്രതീക്ഷയോടെയാണ് പുതിയ ചുവടുവെയ്പുകളെ കാണുന്നതെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു. മൂന്നു പഞ്ചായത്തിന്റെയും അധീനതയിൽ കൃത്യമായി എത്ര സ്ഥലമുണ്ട് എന്നത് ഇതുവരെ അളന്നു തിട്ടപ്പെടുത്താത്തതാണ് മറ്റൊരു പ്രശനം. അനധികൃത കയ്യേറ്റങ്ങൾ തടയാനും ഓരോ പഞ്ചായത്തിന്റെയും കീഴിലുള്ള പ്രദേശം കൃത്യമായി നിർണ്ണയിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുമെന്ന് മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആർ. അനിൽ എന്നിവർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളായി ആർ, അനിൽകുമാർ, സജീവ് എന്നിവരും പഞ്ചായത്തംഗങ്ങളായ നയന, ഷാഹിദ ബീവി, ബിനു തീപ്പുകൽ, അനിൽകുമാർ, സുരേഷ് കുമാർ, ശശികല, ഗോപകുമാർ, പുരുഷോത്തമൻ, വർണ ലതീഷ്, ബിന്ദു സത്യൻ, അഭിൻദാസ് എന്നിവരും മന്ത്രിയുടെ സന്ദർശനത്തിൽ പങ്കാളികളായി.

Related Articles

Back to top button