Kerala

വിനോദവും ആരോഗ്യവും പരിപാലിച്ച്  അഴീക്കോട് മാരിടൈം ഡൊമിസിലിയറി കെയർ സെന്റർ

“Manju”

ബിന്ദുലാൽ തൃശ്ശൂർ

രോഗമുക്തി നേടാൻ എറിയാട് പഞ്ചായത്തിലെ ഡൊമിസിലിയറി കെയർ സെന്ററിലെത്തുന്ന രോഗികൾക്ക് ഏതായാലും ‘ബോറടി’യില്ല. ബോറടി മാറ്റാൻ വൈഫൈയും ടെലിവിഷനും അടക്കമുള്ള സംവിധാനം ഒരുക്കിയാണ് അഴീക്കോട് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്ന ഡൊമിസിലിയറി കെയർ സെന്റർ തീരദേശത്തെ മറ്റ് കോവിഡ് കെയർ സെന്ററുകൾക്ക് മാതൃകയാവുന്നത്. രോഗികളുടെ ആരോഗ്യസംരക്ഷണമാണ് പ്രധാനം എന്നതിനാൽ പ്രതിദിനം പാലും മുട്ടയും പഴവർഗങ്ങളും നൽകി വരുന്നു.

വീട്ടിൽ താമസസൗകര്യമില്ലാത്തവരും ഗുരുതരാവസ്ഥയിലല്ലാത്തവരുമായ കോവിഡ് രോഗികളെ താമസിപ്പിക്കാൻ അഴീക്കോട് മുനയ്ക്കൽ ബീച്ചിലെ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ മെയ് ഏഴിനാണ് ഡി സി സി പ്രവർത്തനമാരംഭിക്കുന്നത്. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി നിലവിൽ അമ്പത് രോഗികൾ ചികിത്സയിലുണ്ട്. ആദ്യഘട്ടത്തിൽ 50 കിടക്കകളാണ് ഒരുക്കിയതെങ്കിലും രോഗികളുടെ എണ്ണം വർധിച്ചതനുസരിച്ച് 100 കിടക്കകൾ സജ്ജീകരിച്ചു. ഡോ ഫെനി, ഹെൽത്ത് ഇൻസ്‌പെക്ടർ രാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അക്ബർ അലി എന്നിവരടങ്ങുന്ന ടീം എല്ലാ ദിവസവും രോഗികളെ പരിശോധിച്ച് സേവനം ഉറപ്പാക്കുന്നു.

പതിനൊന്നാം വാർഡിലെ കുടുംബശ്രീ അംഗങ്ങളാണ് രോഗികൾക്കുള്ള ഭക്ഷണം തയ്യാറാക്കി നൽകുന്നത്. രോഗികൾക്ക് വേണ്ട പാലും മുട്ടയും പഴങ്ങളുമെല്ലാം ഓരോരുത്തരായി സംഭാവന നൽകും. പഞ്ചായത്തിലെ 23 വാർഡിലെയും ജനപ്രതിനിധികൾക്കാണ് ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതല. റാപ്പിഡ് റെസ്പോൺസ് ടീമും സജീവമായി രംഗത്തുണ്ട്. ഓരോ വാർഡിൽ നിന്നുള്ള മെമ്പർമാരും രണ്ട് ആർ ആർ ടികളും രണ്ട് ആശാവർക്കർമാരും അധ്യാപകരടക്കമുള്ള കെയർ ടേക്കർമാരും അടങ്ങുന്ന ടീം ഷിഫ്റ്റ് അടിസ്‌ഥാനത്തിലാണ് ഡ്യൂട്ടി. പുരുഷ വാർഡ് മെമ്പർമാർക്കാണ് രാത്രിയിലെ ചുമതല. ഫോണില്ലാത്തവർക്ക് വീട്ടുകാരെ ബന്ധപ്പെടാൻ ഫോൺ സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു.

പഞ്ചായത്തിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള വാർ റൂം, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം, അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കുന്നതിനായി രണ്ട് ഓക്‌സിജൻ ആംബുലൻസുകൾ എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നിർദേശ പ്രകാരം പ്രവർത്തിക്കുന്ന ഇവിടെ കോവിഡ് പോസിറ്റീവായ ഒരാളെ കൊണ്ടു വരുന്നതിനും നെഗറ്റീവ് ആയാൽ തിരികെ വീട്ടിലെത്തിക്കുന്നതിനുള്ള
പ്രത്യേക സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡിന്റെ ഒന്നാം തരംഗത്തിലും എറിയാട് പഞ്ചായത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്‌ച വെച്ചിരുന്നു. ഡൊമിസിലിയറി കെയർ സെന്റർ സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ ജില്ലാ ടീം ജില്ലയിലെ മികച്ച ഡി സി സിയാണ് ഇവിടുത്തെയെന്ന് അഭിപ്രായപ്പെട്ടതായി എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ പറഞ്ഞു.

Related Articles

Back to top button