IndiaInternationalLatestSports

വിറക് കെട്ടുമായി കുന്ന് കയറിയ രാജ്യത്തിന്റെ അഭിമാനം

“Manju”

നിരവധി രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിന്റെ ആദ്യ ദിനത്തില്‍ മീരാബായ് ചാനുവിലൂടെ 12-ാം സ്ഥാനത്തെത്താന്‍ ഇന്ത്യയ്ക്കായി. ഒളിമ്പിക്‌സിന്റെ ആദ്യ ദിനത്തില്‍ തന്നെ മെഡല്‍ നേടാനായത് രാജ്യത്തിന് വന്‍ ആവേശമാണ് പകരുന്നത്. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മണിപ്പുര്‍ സ്വദേശിനി ചാനു രാജ്യത്തിന്റെ അഭിമാനവുമായി.
ബാല്യത്തില്‍ അമ്പെയ്ത്തുകാരിയാകാന്‍ ആഗ്രഹിച്ച ചാനുവിന് കാലം കാത്തുവച്ച നിയോഗം മറ്റൊന്നായിരുന്നു. ചെറുപ്പത്തില്‍ സഹോദരങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചാണ് ചാനു കായികലോകത്തേക്ക് പിച്ചവെയ്ക്കുന്നത്. എന്നാല്‍ ശരീരം മുഴുവന്‍ ചെളികൊണ്ട് നിറഞ്ഞപ്പോള്‍ ചാനു ഒന്നു തീരുമാനിച്ചു. ഫുട്‌ബോള്‍ വേണ്ട, ശരീരത്തില്‍ ചെളി പറ്റാത്ത ഏതെങ്കിലും കായിക ഇനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അങ്ങനെയാണ് അമ്പെയ്ത്തിനോട് താത്പര്യം വന്നത്.
ആയിടയ്ക്കാണ് ചാനു മണിപ്പുരി ഭാരോദ്വഹകയായ കുഞ്ജറാണി ദേവിയുടെ ചിത്രങ്ങള്‍ കാണാനിടയായത്. അത് ചാനുവില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. അമ്പെയ്ത്തിനോടുള്ള മോഹം വെടിഞ്ഞ് ഭാരോദ്വഹനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ചാനു തീരുമാനിച്ചു.
ഇംഫാലിലെ സർക്കാർ കോച്ചിങ് കേന്ദ്രത്തിൽ പ്രവേശനം നേടിയതോടെ തുടങ്ങുന്നു മീരാഭായ് ചാനുവിന്റെ ഭാരോദ്വഹന ജീവിതം. കുട്ടിയായിരിക്കുമ്പോൾ വനത്തിനുള്ളിൽനിന്നു വിറകുപെറുക്കിയാണു മീര ഭാരോദ്വഹനത്തിലെ ‘പരിശീലനം’ തുടങ്ങിയതെന്നാണു സഹോദരൻ ബയോന്ത മീട്ടെ പറയുന്നത്. വിറകു പെറുക്കി കുന്ന് കയറിയുള്ള ചാനുവിന്റെ ബാല്യത്തിലെ കരുത്താണ് ഇന്ന് ടോക്കിയോ ഒളിമ്പിക്‌സില്‍ രാജ്യത്തിന് അഭിമാനമായി മാറിയത്.
എല്ലാ ദിവസവും 20 കിലോമീറ്റർ ദൂരം താണ്ടിയാണു ചാനു ഇംഫാലിലെ പരിശീലന സെഷനുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. 2009ലായിരുന്നു ആദ്യ ദേശീയ ചാംപ്യൻഷിപ് നേട്ടം. 2012ൽ ജൂനിയർ ഏഷ്യൻ ചാംപ്യൻഷിപ്പിൽ പങ്കെടുത്തതോടെ രാജ്യാന്തര പകിട്ടിലേക്ക്. കഴി‍ഞ്ഞ തവണത്തെ റിയോ ഒളിംപിക്സിലും 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഏറെ മെഡൽ സാധ്യത കൽപിക്കപ്പെട്ടിരുന്ന താരമായിരുന്നെങ്കിലും മികവിലേക്ക് ഉയരാനായില്ല.
റിയോ ഒളിമ്പിക്‌സ് വലിയൊരു ദുരന്തമായി ചാനുവിന്. ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ നിമിഷം. റിയോയില്‍ എത്തുന്നതിന് മുന്‍പ് ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 107 കിലോ ഭാരം ഉയര്‍ത്തിയ ചരിത്രമുണ്ട് ചാനുവിന്. പക്ഷേ, റിയോയില്‍ 104 കിലോഗ്രാം ഭാരമുയര്‍ത്താന്‍ ശ്രമിച്ച ചാനു ആദ്യ ശ്രമത്തില്‍ തന്നെ പരാജയപ്പെട്ടു.
വലിയ ആരോപണങ്ങളാണ് റിയോയുടെ പേരില്‍ ചാനുവിന് നേരിടേണ്ടിവന്നത്. എന്നാല്‍, ആരോപണശരങ്ങള്‍ പിടിവള്ളിയാക്കുകയായിരുന്നു ചാനു. റിയോയിലെ തിരിച്ചടി ഒരു വഴിത്തിരിവാക്കി. ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ചാനു ടോക്യോയിലെത്തിയത്. ഒടുവില്‍ രാജ്യത്തിന്റെ പ്രതീക്ഷ കാത്തുകൊണ്ട് ഒളിമ്പിക്‌സിന്റെ ആദ്യ ദിനത്തില്‍ തന്നെ വെള്ളി മെഡല്‍ നേടി ഈ 26-കാരി

Related Articles

Back to top button