KeralaLatest

അക്ഷയ ഊര്‍ജ്ജസാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തണം : ഡോ. ആര്‍ ബിന്ദു

“Manju”

തൃശൂര്‍: കേരളത്തില്‍ അക്ഷയ ഊര്‍ജ്ജത്തിന്റെ ഉപയോഗ സാധ്യതകള്‍ ജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജയാന്‍ പദ്ധതിയ്ക്ക് അനുസരിച്ച്‌ മുന്നോട്ട് കൊണ്ട് പോകണമെന്നും ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇരിങ്ങാലക്കുട നിയോജക മണ്ഡലതല ഊര്‍ജ്ജയാന്‍ പദ്ധതി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അക്ഷയ ഊര്‍ജ്ജങ്ങളായ സൗരോര്‍ജ്ജം, കാറ്റ്, ജൈവോര്‍ജ്ജം തുടങ്ങിയ സാധ്യതകള്‍ നമുക്ക് പരമാവധി ഉപയോഗപ്പെടുത്താനാകണമെന്നും ഊര്‍ജ്ജ സംരക്ഷണത്തോടൊപ്പം ഊര്‍ജ്ജസംഭരണവും നമ്മള്‍ ഓരോരുത്തര്‍ക്കും സാധ്യമാക്കാനാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികളെ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനത്തില്‍ പ്രധാന സന്ദേശകരാക്കുക എന്നതാണ് ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ഊര്‍ജ്ജയാന്‍ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഊര്‍ജ്ജ സംരക്ഷണം പരമാവധി കാര്യക്ഷമമാക്കുന്നതിനോടൊപ്പം ഊര്‍ജ്ജത്തിന്റെ ഉപഭോഗം ശാസ്ത്രീയമായ വിശദാംശങ്ങളോടെ ജനങ്ങളില്‍ എത്തിക്കണം. ഇതിന്റെ ഭാഗമായി വൈദ്യുതിവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ എനര്‍ജി മാനേജ്‍മെന്റ് സെന്റര്‍ (ഇഎംസി) നടത്തി വരുന്ന പദ്ധതിയാണ് ഊര്‍ജ്ജയാന്‍.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങളും നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഒരുമിപ്പിച്ച്‌ കൊണ്ടു പോകുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ഇത് കൂടാതെ വിദ്യാലയങ്ങള്‍, വൈദ്യുതി വിഭാഗം, ഗ്രാമീണ വായന ശാലകള്‍, കലാ – കായിക സാംസ്കാരിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ സമ്പൂര്‍ണ ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണം നടപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ആര്‍ ഹരികുമാര്‍, ജില്ല കോര്‍ഡിനേറ്റര്‍ ഡോ. ടി വി വിമല്‍കുമാര്‍, കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന്‍, കെഎസ്‌ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ ജയചന്ദ്രന്‍, ഇരിങ്ങാലക്കുട ബിഡിഒ ശ്രീചിത്ത് തുടങ്ങിയവരും പങ്കെടുത്തു.

Related Articles

Back to top button