IndiaLatest

സിനിമയുടെ വ്യാജ പതിപ്പിറക്കിയാല്‍ പിടി വീഴും

“Manju”

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അവതരിപ്പിച്ച സിനിമാറ്റോഗ്രാഫി ഭേദഗതി ബില്‍-2023 രാജ്യസഭ പാസാക്കി. ഭരണകക്ഷി അംഗങ്ങളുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷം ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് പ്രമേയം പാസാക്കിയത്. പുതിയ നിയമപ്രകാരം സിനിമ പകര്‍ത്തി പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവും നിര്‍മ്മാണ ചെലവിന്റെ അഞ്ച് ശതമാനം പിഴയും ചുമത്തുന്നതിന് ബില്ലില്‍ വ്യവസ്ഥയായിട്ടുണ്ട്.

സിനിമ തിയേറ്ററുകളില്‍ നിന്നും ഫോണിലൂടെ സിനിമ പകര്‍ത്തുവര്‍ക്കെതിരെയും ശിക്ഷാ നടപടികള്‍ ഉണ്ടാകും.
ഇനി മുതല്‍ എ സര്‍ട്ടിഫിക്കറ്റ് യു സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കുന്നതിന് ഒപ്പം തന്നെ യുഎ കാറ്റഗറിയില്‍ 7+, 13+,16+ എന്നിങ്ങനെ വിവിധ പ്രായപരിധിയിലുള്ളവര്‍ക്ക് കാണുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും നല്‍കും.
സെൻട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ സ്വയം ഭരണസ്ഥാപനമായി തന്നെ തുടരും. സെൻസര്‍ബോര്‍ഡ് സിനിമകള്‍ക്ക് അനുമതി നിഷേധിച്ചാല്‍ ട്രിബ്യൂണലിനെ സമീപിക്കാവുന്ന സാഹചര്യം മുമ്ബുണ്ടായിരുന്നു. എന്നാല്‍ ട്രിബ്യൂണല്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ വീണ്ടും ബോര്‍ഡിനെ സമീപിക്കാമെന്നും പുതിയ അംഗങ്ങള്‍ സിനിമ കാണുമെന്നും മന്ത്രി വ്യക്തമാക്കി.

ആനിമേഷൻ, വിഷ്വല്‍ എഫക്‌ട്സ്, ഗേമിംഗ് ആൻഡ് കോമിക്സ് എന്നി മേഖലകളില്‍ പരിശീലന സ്ഥാപനങ്ങള്‍ തുടങ്ങും. സെൻസര്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മുമ്പ് പത്ത് വര്‍ഷം എന്നായിരുന്നു. എന്നാല്‍ ഇത് എന്നന്നേക്കുമായി നല്‍കണമെന്നതാണ് മറ്റൊരു ഭേദഗതി. സിനിമ ലൈസൻസിംഗ് ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിനും പകര്‍പ്പുകള്‍ തടയുന്നതിനും വേണ്ടിയാണ് പുതിയ ഭേദഗതിക്കായി ബില്‍ അവതരിപ്പിച്ചതെന്ന് രാജ്യസഭയില്‍ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ പറഞ്ഞു. പകര്‍പ്പവകാശ ലംഘനത്തിലൂടെ സിനിമാ മേഖലയ്‌ക്ക് ഓരോ വര്‍ഷവും 20,000 കോടി രൂപയുടെ നഷ്ടം വരെ ഉണ്ടാകുന്നുണ്ട്.

Related Articles

Back to top button