India

വാർത്തകൾ വിലക്കില്ലെന്ന് കോടതി; ശിൽപ ഷെട്ടിക്ക് തിരിച്ചടി

“Manju”

മുംബൈ: വാർത്താ മാദ്ധ്യമങ്ങൾക്കെതിരെ നടി ശിൽപ ഷെട്ടി നൽകിയ കേസ് മാനനഷ്ടത്തിന്റെ പരിധിയിൽ വരില്ലെന്ന് കോടതി. സോഷ്യൽ മീഡിയയേയോ മാദ്ധ്യമങ്ങളെയോ വിലക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പോലീസ് പറഞ്ഞ കാര്യം റിപ്പോർട്ട് ചെയ്താൽ അത് അന്തസ്സിനെ കളങ്കപ്പെടുത്താനാണെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

‘പൊതുജീവിതം നിങ്ങൾ തിരഞ്ഞെടുത്തതല്ലേ?’ എന്നായിരുന്നു കോടതിയുടെ ചോദ്യം. മൊഴി രേഖപ്പെടുത്തിയപ്പോൾ ഭർത്താവുമായി വഴക്കിട്ടുവെന്ന് റിപ്പോർട്ട് ചെയ്തതിൽ എന്താണ് കുഴപ്പം എന്നും കോടതി ആരാഞ്ഞു. തന്റെ മാന്യതയെ ഹനിക്കുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണ് ഇത്തരം റിപ്പോർട്ടുകൾ എന്നാണ് ശിൽപ ചൂണ്ടിക്കാണിക്കുന്നത്.

തെളിവെടുപ്പിനായി രാജ് കുന്ദ്രയെ വീട്ടിലെത്തിച്ചപ്പോൾ ശിൽപ്പ ഷെട്ടി പൊട്ടിത്തെറിച്ചുവെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവന്നത്. എന്നാലിത് ശരിയല്ലെന്നായിരുന്നു താരത്തിന്റെ അഭിഭാഷകന്റെ വാദം. ഭാര്യയ്‌ക്കും ഭർത്താവിനും ഇടയിൽ നടക്കുന്ന സ്വകാര്യമായ സംഭവങ്ങൾ ഒരിക്കലും റിപ്പോർട്ട് ചെയ്യാൻ പാടില്ലെന്നും അദ്ദേഹം വാദിച്ചിരുന്നു.

എന്നാൽ പ്രസ്തുത സംഭവം പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് നടന്നത്. അവരെ ഉദ്ധരിച്ചാണ് മാദ്ധ്യമങ്ങൾ വാർത്ത പുറത്തുവിട്ടത്. ഒരു പൊതു ജീവിതം തെരഞ്ഞെടുത്ത ആളാണ് ശിൽപ്പ ഷെട്ടി. അതുകൊണ്ട് തന്നെ അവരുടെ ജീവിതം നിരീക്ഷിക്കപ്പെടുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് ഗൗതം പാട്ടീൽ ആണ് കേസ് പരിഗണിച്ചത്.

തെറ്റായ വാർത്തകൾ പ്രസിദ്ധീകരിച്ചതിന് 25 കോടി നഷ്ടപരിഹാരം നൽകണമെന്നാണ് ശിൽപ ഷെട്ടി ഹർജിയിൽ ആവശ്യപ്പെട്ടത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ അഭേദ്യമായ ഭാഗമാണ് തന്റെ പ്രശസ്തി എന്നും ശിൽപ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button