കോട്ടയം: പാഠപുസ്തകങ്ങളുടെ മറവില്‍ 62.5 കിലോ കഞ്ചാവ് കടത്തിയ കേസില്‍ കൂടുതല്‍ പ്രതികളെന്ന് സൂചന. ഇവരെ കണ്ടെത്താന്‍ എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
പിടിയിലായവരുടെ ഫോണുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കേസില്‍ കഴിഞ്ഞദിവസം പിടിയിലായവരടക്കം ഇതുവരെ ആറുപേരാണ് അറസ്റ്റിലായിരിക്കുന്നത്. 2020 മേയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് എന്‍.സി.ആര്.ടി.ഇയുടെ പാഠപുസ്തകങ്ങള്‍ കൊണ്ടുവന്ന ലോറിയില്‍ പ്രതികള്‍ കഞ്ചാവ് ഒളിപ്പിച്ചുകടത്തുകയായിരുന്നു. സംശയംതോന്നി ഈ ലോറി ഏറ്റുമാനൂരില്‍ എക്സൈസ് സ്ക്വാഡ് പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. വാഹന ഉടമയായ അനന്തു(25), ഡ്രൈവര്‍ അതുല്‍ റെജി(29) എന്നിവരെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ അന്വേഷണത്തില്‍ കഴിഞ്ഞദിവസം ഇവര്‍ക്ക് കഞ്ചാവ് ബംഗളൂരുവില്‍ ഏര്‍പ്പാടാക്കി നല്കിയ നാലുപേരെ കൂടി പിടികൂടുകയായിരുന്നു.
ചങ്ങനാശ്ശേരി മറ്റം അരിമ്ബൂര്‍ ആന്റോ ജോസഫ്(44), ആര്‍പ്പൂക്കര ചെമ്മനംപടി തേക്കിന് പറമ്ബില്‍ ഷൈമോന്‍ എന്ന ഷൈന്‍ ഷാജി(30) , വേളൂര്‍ കൊച്ചുപറമ്ബില്‍ ഫൈസല്‍മോന്‍(26), അതിരമ്ബുഴ പുതുശ്ശേരില്‍ വീട്ടില്‍ സുബിന് ബെന്നി(30) എന്നിവരെയാണ് വെള്ളിയാഴ്ച പിടികൂടിയത്. ഫൈസല്‍മോനെ തിരുവനന്തപുരത്തുനിന്നും മറ്റ് മൂന്നു പേരെ കോട്ടയത്തുനിന്നുമാണ് പിടികൂടിയത്.
ആന്ധ്രയില്‍നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. ആന്ധ്രയില്‍നിന്ന് വാഴക്കുലകളുമായി ബംഗളൂരുവിലേക്ക് വരുന്ന ലോറികളില്‍ ഒളിപ്പിച്ചുകൊണ്ടുവരുന്ന കഞ്ചാവ് അവിടെനിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുകയായിരുന്നു.