KeralaLatestThiruvananthapuram

കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട വ്യാജ സന്ദേശം; നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി

“Manju”

തിരുവനന്തപുരം : കോവിഡ് വാക്‌സിന്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമകാരം നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചവ്യാധി സമയത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നും മന്ത്രി പറഞ്ഞു.
വാക്സിനെടുക്കുന്നവരും എടുക്കാന്‍ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കാന്‍ പാടില്ലെന്ന വിധത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ഈ നടപടി. ആരോഗ്യവകുപ്പ് സ്പെഷ്യല്‍ ഡയറക്ടര്‍ ഗംഗാദത്തന്‍ എന്ന് പരിചയപ്പെടുത്തുന്ന ആളുടെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ചിക്കന്‍ കഴിച്ച രണ്ടുപേര്‍ മരിച്ചു. കാറ്ററിംഗുകാര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുത് എന്നാണ് വ്യാജ ശബ്ദ സന്ദേശം.
എല്ലാ ആശാവര്‍ക്കര്‍മാരും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയര്‍ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് ശബ്ദ സന്ദേശം തുടങ്ങുന്നത്. എന്നാല്‍ ആരോഗ്യവകുപ്പില്‍ ഇത്തരത്തില്‍ ഒരു തസ്തിക നിലവിലില്ല. ഇതില്‍ പറയുന്നത് തികച്ചും തെറ്റാണ്. അതിനാല്‍ ഈ സന്ദേശം വിശ്വാസത്തിലെടുക്കരുതെന്നും മന്ത്രി വീണാ ജോര്‍ജ് ജനങ്ങളോട് ആവശ്യപ്പെട്ടു.

Related Articles

Back to top button