IndiaLatest

അരുണ്‍ ജെയ്റ്റ്‌ലി അനുസ്മരണ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും

“Manju”

ന്യൂഡെല്‍ഹി: ആദ്യത്തെ ‘അരുണ്‍ ജെയ്റ്റ്‌ലി അനുസ്മരണ പ്രഭാഷണ’ത്തില്‍ (എജെഎംഎല്‍) പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നാളെ (ജൂലൈ 8)  വൈകുന്നേരം 6:30 ന് നടക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

സിംഗപ്പൂര്‍ ഗവണ്‍മെന്റിലെ മന്ത്രി തര്‍മന്‍ ഷണ്‍മുഖരത്‌നം, “ഉള്‍ക്കൊള്ളുന്നതിലൂടെയുള്ള വളര്‍ച്ച, വളര്‍ച്ചയിലൂടെയുള്ള ഉള്‍ക്കൊള്ളല്‍” എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. പ്രഭാഷണത്തിന് ശേഷം മത്യാസ് കോര്‍മാന്‍ (ഒ ഇ സി ഡി സെക്രട്ടറി ജനറല്‍), ശ്രീ അരവിന്ദ് പനഗരിയ (പ്രൊഫസര്‍, കൊളംബിയ യൂണിവേഴ്സിറ്റി) എന്നിവര്‍ സംവദിക്കും. അരുണ്‍ ജെയ്റ്റ്‌ലി രാജ്യത്തിന് നല്‍കിയ അമൂല്യമായ സംഭാവനകളെ മാനിച്ച്‌ ധനമന്ത്രാലയത്തിന്റെ സാമ്പത്തികകാര്യ വകുപ്പാണ് ആദ്യത്തെ ‘അരുണ്‍ ജെയ്റ്റ്‌ലി അനുസ്മരണ പ്രഭാഷണം’ സംഘടിപ്പിക്കുന്നത്.

ജൂലൈ 8 മുതല്‍ 10 വരെ സംഘടിപ്പിക്കുന്ന ത്രിദിന പരിപാടിയായ കൗടില്യ ഇക്കണോമിക് കോണ്‍ക്ലേവില്‍ (കെഇസി) പങ്കെടുക്കുന്ന പ്രതിനിധികളുമായും പ്രധാനമന്ത്രി സംവദിക്കും. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയിലെ ആന്‍ ക്രൂഗര്‍, ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ നിക്കോളാസ് സ്റ്റേണ്‍,ഹാര്‍വാര്‍ഡ് കെന്നഡി സ്കൂളിലെ റോബര്‍ട്ട് ലോറന്‍സ്, മുന്‍ ഐഎംഎഫ് ആക്ടിംഗ് മാനേജിംഗ് ഡയറക്ടര്‍, ജോണ്‍ ലിപ്‌സ്‌കി, ഇന്ത്യയുടെ ലോകബാങ്ക് കണ്‍ട്രി ഡയറക്ടര്‍ ശ്രീ ജുനൈദ് അഹമ്മദ്‌ഉ ഉള്‍പ്പെടെയുള്ള പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ധനമന്ത്രാലയത്തിന്റെ പിന്തുണയോടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് ആണ് കെഇസി സംഘടിപ്പിക്കുന്നത്.

Related Articles

Back to top button