InternationalLatest

അഫ്‌ഗാനില്‍ താലിബാനെതിരെ ജനങ്ങള്‍ തെരുവില്‍

“Manju”

കാബൂള്‍:അഫ്‌ഗാനിസ്ഥാന്‍ എളുപ്പത്തില്‍ പിടിച്ചടക്കാമെന്ന താലിബാന്റെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി ജനങ്ങള്‍. സ്വന്തം ജീവന്‍ തൃണവത്ഗണിച്ചുകൊണ്ട് ആയുധവുമെടുത്ത് തെരുവിലിറങ്ങിയ ജനങ്ങളുടെ തോക്കിനിരയായത് നൂറുകണക്കിന് താലിബാന്‍ ഭീകരരാണ്. പടിഞ്ഞാറന്‍ അഫ്‌ഗാന്‍ നഗരമായ ഹെറാറ്റിലെ തെരുവില്‍ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്.താലിബാന്‍ പിടിച്ചെടുത്ത ചില പ്രദേശങ്ങള്‍ ജനങ്ങളുടെ സഹായത്തോടെ സൈന്യം തിരിച്ചുപിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാരിനെ അനുകൂലിച്ച്‌ പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്
താലിബാന്റെ മുന്‍ ഭരണത്തിലെ കൊടും ക്രൂരതകളാണ് ആയുധമെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ആരുടെയും ആഹ്വാനമില്ലാതെയാണ് അവര്‍ അതിന് തയ്യാറാവുന്നത്. 1980 ല്‍ രാജ്യത്ത് കടന്നുകയറിയ സോവിയറ്റ് യൂണിയന്റെ സൈന്യത്തെ പുറത്താക്കാനായിരുന്നു അഫ്‌ഗാനിലെ ജനങ്ങള്‍ ഇതിനുമുമമ്പ് ആയുധമെടുത്ത് ഒന്നിച്ച്‌ തെരുവിലിറങ്ങിയത്. അന്ന് കരുത്തരായ സോവിയറ്റ് സൈന്യം ജനങ്ങളുടെ ശക്തിക്കുമുന്നില്‍ തോറ്റ് തുന്നംപാടി. അന്നും ഹെറാത്ത് നഗത്തിലാണ് ആദ്യം ജനങ്ങള്‍ സോവിയറ്റ് സൈന്യത്തിനെതിരെ രംഗത്തെത്തിയത്. ഇന്ന് താലിബാനെതിരെ പോരാടുന്ന ഭൂരിഭാഗത്തിനും രക്ഷിതാക്കള്‍ പറഞ്ഞുള്ള അറിവുമാത്രമേ ഇതിനെക്കുറിച്ചുള്ളൂ.
ഹെറാത്തില്‍ നിന്ന് സ്വാധീനം ഉള്‍ക്കൊണ്ട് കാണ്ഡഹാര്‍, ലഷ്‌കര്‍ ഗാഹ് നഗരങ്ങളിലും താലിബാനെതിരെയുളള ചെറുത്തുനില്‍പ്പ് ശക്തമായി തുടരുകയാണ്. അഫ്ഗാനില്‍ വാണിജ്യപരമായും സാംസ്‌കാരികമായും പ്രാധാന്യമുള‌ള നഗരമാണ് ലഷ്‌കര്‍ ഗാഹ്.താലിബാനെതിരെ പോരാടാന്‍ കാബൂള്‍ തുടങ്ങിയ വിദൂര നഗരങ്ങളില്‍ താമസിക്കുന്നവരും ജന്മ നാടുകളിലേക്ക് എത്തുകയാണ്. താലിബാനെ ചെറുക്കുന്നത് അഭിമാനബോധം വളര്‍ത്തുന്നുവെന്നാണ് അവര്‍ പറയുന്നത്.
‘കാബൂളിലായിരുന്നു ഞാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ എന്റെ നഗരം താലിബാന്‍ കൈക്കലാക്കാന്‍ ശ്രമിക്കുമ്ബോള്‍ ഞാനെങ്ങനെ അവിടെ കഴിയും. അങ്ങനെ ഹെറാത്തിലേക്ക് ഞാനും എത്തി
– അഹ്മദുള്ള അസദാനി പറയുന്നു. ചിലയിടങ്ങളില്‍ സ്ത്രീകളും താലിബാനെതിരെ ആയുധമെടുക്കുന്നുണ്ട്.
ഗ്രാമങ്ങള്‍ പിടിച്ചടക്കിയ താലിബാന്‍ നഗരങ്ങളില്‍ പിടിമുറുക്കാന്‍ ശ്രമിച്ചതോടെ ചെറുത്ത്നില്‍പ്പ് ശക്തമായത്. താലിബാന്‍ പിടിച്ചെടുത്ത നഗരപ്രാന്തങ്ങളില്‍ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്. താലിബാന്‍ കേന്ദ്രങ്ങളില്‍ ശക്തമായ ബോംബാക്രമണമാണ് സൈന്യം നടത്തുന്നത്. താലിബാനെ നേരിടാന്‍ വ്യോമാക്രമണമാണ് കൂടുതലായും അഫ്ഗാന്‍ സേന നടത്തുന്നത്. എന്നാല്‍ ഇതുവഴി സാധാരണ ജനങ്ങളും കൊല്ലപ്പെടുന്നുണ്ട്. ഇവിടെ ജനങ്ങള്‍ ഭീതിജനകമായ അവസ്ഥയിലാണ്.

Related Articles

Back to top button