KeralaLatestThiruvananthapuram

തലസ്ഥാനത്ത് ഒരു വാര്‍ഡില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

“Manju”

തിരുവനന്തപുരം: പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ(ഡബ്ലു.ഐ.പി.ആര്‍.) 10 ശതമാനത്തിനു മുകളിലെത്തിയതിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ മേലാറ്റിങ്ങല്‍ വാര്‍ഡില്‍(31-ാം വാര്‍ഡ്) കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അഞ്ചിനും 10നും ഇടയിലുള്ള 12 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയതായും കളക്ടര്‍ അറിയിച്ചു.

കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മേലാറ്റിങ്ങലില്‍ ഓഗസ്റ്റ് 04 അര്‍ധരാത്രി മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലവില്‍വരും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ തുറക്കാന്‍ പാടുള്ളൂ. ഡബ്ലു.ഐ.പി.ആര്‍. പത്തിനു താഴെ വരുന്നതുവരെ ഈ നിയന്ത്രണങ്ങള്‍ തുടരും.

ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെതന്നെ ഒന്ന്, രണ്ട്, 10, 20, 24 വാര്‍ഡുകള്‍, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 10, 16, 36 വാര്‍ഡുകള്‍, വര്‍ക്കല മുനിസിപ്പാലിറ്റിയിലെ ആറ്, ഒമ്പത്, 18, 28 വാര്‍ഡുകള്‍ എന്നിവയെയാണു കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ അറിയിച്ചു.

ഭക്ഷ്യവസ്തുക്കള്‍, പലചരക്ക്, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ ഉത്പന്നങ്ങള്‍, മാസം, മത്സ്യം, മൃഗങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങള്‍, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ എന്നിവയ്ക്കു മാത്രമേ ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തനാനുമതിയുണ്ടാകൂ. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ ഇവ തുറക്കാം. റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍, സപ്ലൈകോ ഷോപ്പുകള്‍, മില്‍മ ബൂത്തുകള്‍ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ തുറക്കാം. റസ്റ്ററന്റുകളും ഹോട്ടലുകളും രാവിലെ ഏഴു മുതല്‍ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ഡൈന്‍-ഇന്‍, ടേക്ക് എവേ, പാഴ്‌സല്‍ തുടങ്ങിയവ അനുവദിക്കില്ല.

പൊതുജനങ്ങള്‍ പരമാവധി വീടിനടുത്തുള്ള കടകളില്‍നിന്നു സാധനങ്ങള്‍ വാങ്ങണം. മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെടുന്നതല്ലാത്ത എല്ലാ കടകളും അടച്ചിടും. ചന്തകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഡെലിവറിക്കായി രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ പ്രവര്‍ത്തിക്കാം. കണ്ടെയ്ന്‍മെന്റ് സോണ്‍ ശക്തമായ പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button