InternationalLatest

ഒളിംപിക്സിലെ സ്വര്‍ണ്ണ മെഡല്‍ ശരിക്കും സ്വര്‍ണ്ണമാണോ ?

“Manju”

ഒളിംപിക്സ് മത്സരങ്ങള്‍ക്ക് നല്‍കുന്ന സ്വര്‍ണ്ണ മെഡലിനെ പറ്റി പലരും പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും. ഇത് ശരിക്കും സ്വര്‍ണ്ണമാണോ ? നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹങ്ങള്‍ എന്തൊക്കെയായിരിക്കും, ഇതിനൊക്കെ എത്ര വില വരും എന്നൊക്കെയാണ് പ്രധാന സംശയങ്ങള്‍. എന്നാല്‍ ശരിക്കും സ്വര്‍ണ്ണ മെഡല്‍ പൂര്‍ണ്ണമായും സ്വര്‍ണ്ണമല്ല. കുറച്ച്‌ സ്വര്‍ണ്ണവും ബാക്കി വെള്ളിയും ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. സ്വര്‍ണ്ണ മെഡലുകള്‍ക്ക് 556 ഗ്രാം ആണ് ഭാരം. ഇതില്‍ പുറത്ത് പൂശുന്നതിന് 6 ഗ്രാം സ്വര്‍ണ്ണം മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ബാക്കി വെള്ളിയാണെന്നാണ് ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മറ്റി പറയുന്നത്. ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണ്ണ മെഡലുകള്‍ക്ക് 820 ഡോളര്‍ മതിപ്പ് വിലയുണ്ടെന്നാണ് ഒളിംപിക് അസോസിയേഷനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇത് ഏകദേശം അറുപതിനായിരം രൂപ വരും. കേസിംഗ്, എന്‍ഗ്രേവിംഗ് തുടങ്ങിയവ അടക്കമാണ് ഇത്.

വെള്ളി മെഡല്‍ പരിശുദ്ധമായ വെള്ളി തന്നെ ഉപയോഗിച്ച്‌ നിര്‍മ്മിച്ചവയാണ്. അവയുടെ ഭാരം ഏകദേശം 550 ഗ്രാം ആണ്. ഇതില്‍ 92.5 ശതമാനം വെള്ളിയായിരിക്കണമെന്നാണ് ഒളിംപിക് അസോസിയേഷന്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്. 925-1000 ഗ്രേഡിന്റെ വെള്ളിയാണ് ഉപയോഗിക്കുന്നത്. 450 ഡോളറാണ് വെള്ളി മെഡലിന്റെ മതിപ്പ് വിലയായി കണക്കാക്കപ്പെടുന്നത്. ഇത് ഏകദേശം 33,000 രൂപയോളം വരും. വെങ്കല മെഡലിലേക്ക് വന്നാല്‍ 95 ശതമാനം കോപ്പറും ബാക്കി അഞ്ച് ശതമാനം സിങ്കും ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. 450 ഗ്രാമാണ് ഇതിന്റെ ഭാരം. അഞ്ച് ഡോളറാണ് മതിപ്പ് വില. ഇത് ഏകദേശം 370 രൂപ വരും.

മെഡലുകളുടെ ആകൃതി സാധാരണയായി ഒരു ചെയിനിനോ റിബണിനോ അറ്റാച്ച്‌മെന്റ് ഉള്ള വൃത്താകൃതിയിലാണ്. ഏറ്റവും കുറഞ്ഞ വ്യാസം 60 മില്ലിമീറ്ററാണ്, കനം കുറഞ്ഞത് 3 മില്ലീമീറ്ററാണ്. മെഡലുകളുടെ ഭാരം 450 മുതല്‍ 800 ഗ്രാം വരെയാകണമെന്നും ഒളിംപിക് കമ്മിറ്റി നിഷ്കര്‍ഷിക്കുന്നു. ഓരോ മെഡലിലും ഒളിംപിക്സിന്റെ ചിഹ്നമായ അഞ്ച് വളയം, ഗ്രീക്ക് ദേവതയുടെ ചിത്രം, ഏത് ഒളിംപിക്സാണ് എന്നിവ ആലേഖനം ചെയ്യും.

ഇത്തവണത്തെ ഒളിംപിക്സ് മെഡലിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. റീ സൈക്കിള്‍ ചെയ്ത ഇലക്ടോണിക് ഗാഡ്ജെറ്റുകള്‍ മെഡല്‍ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. കേടായി ഉപേക്ഷിക്കപ്പെട്ടിട്ടുള്ള ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇ-വേസ്റ്റുകള്‍ പൊതുജനങ്ങളില്‍ നിന്ന് സ്വീകരിച്ചാണ് മെഡല്‍ നിര്‍മ്മിച്ചത്. ഇതിനായി പ്രത്യേക ക്യാംപെയിനും ഒളിംപിക് അസോസിയേഷന്‍ നടത്തിയിരുന്നു.

Related Articles

Back to top button