India

ഗംഗയും യമുനയും കരകവിയുന്നു

“Manju”

പ്രയാഗ്‌രാജ്: കനത്ത മഴയും പ്രളയവും മൂലം ഗംഗയും യമുനയും കരകവിഞ്ഞത് ജനജീവിതം ദുരിതത്തിലാക്കി. നദീതീര നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ ഭീഷണി. താഴ്ന്ന പ്രദേശങ്ങൾക്കൊപ്പം കുഭമേള തീർത്ഥാടന കേന്ദ്രമായ പ്രയാഗ് രാജിലും വെള്ളമുയർന്നു. യുപിയിലെ നിരവധി ജില്ലകൾക്ക് പ്രളയമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇരു നദികളിലെയും വെളളത്തിന്റെ നില അപകടകരമായ നിലയിലേക്ക് ഉയർന്നുകഴിഞ്ഞു. വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയതോടെ ആയിരക്കണക്കിന് പേരെ യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റിപ്പാർപ്പിക്കുകയാണ്. പ്രളയസാഹചര്യത്തെ നേരിടാനുളള എല്ലാ നടപടികളും കൈക്കൊണ്ടതായി പ്രാദേശിക ഭരണകൂടങ്ങൾ വ്യക്തമാക്കി. കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.

1000 സ്വകാര്യ ബോട്ടുകൾ ഉൾപ്പെടെ രക്ഷാപ്രവർത്തനങ്ങൾക്കായി സജ്ജമാക്കി നിർത്തിയിട്ടുണ്ട്. 30 ഓളം ഡൈവിങ് വിദഗ്ധരെയും തയ്യാറാക്കിയിട്ടുണ്ട്. അതിനിടെ ചമ്പൽ നദിയിൽ നിന്നുളള ജലം രാജസ്ഥാൻ ധോൽപൂർ അണക്കെട്ടിലൂടെ തുറന്നുവിട്ടതും കൂടുതൽ ആശങ്കയ്‌ക്കിടയാക്കിയിട്ടുണ്ട്. പ്രയാഗ് രാജിലെ ബഡേ ഹനുമാൻ ക്ഷേത്രത്തിലും വെള്ളം കയറി. ജില്ലാഭരണകൂടം നൽകിയിരിക്കുന്ന എല്ലാ ദുരിതാശ്വാസ നിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഹനുമൽ ക്ഷേത്രത്തിന്റെ പ്രധാന പൂജാരി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറുകൾക്കുളളിൽ ഈ മേഖലയിൽ രണ്ട് മീറ്ററോളമാണ് ജലനിരപ്പ് ഉയർന്നത്. 2019 ൽ ഗംഗയിലെയും യമുനയിലെയും ജലനിരപ്പ് 85 മീറ്റർ കടന്നിരുന്നു. ഇക്കുറി ഇതിനോട് സമാനമായ രീതിയിൽ ജലനിരപ്പ് ഉയർന്നേക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Related Articles

Back to top button