KeralaLatestThrissur

കൊടകരയില്‍ കിണര്‍ റീചാര്‍ജിങ് പദ്ധതി

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്ത് മഴവെള്ളം ഒഴുകി പോകാതെ കിണറുകളിലും കുളങ്ങളിലും തോടുകളിലും സംഭരിക്കുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന കിണര്‍ റീചാര്‍ജിങ് പദ്ധതി കൊടകരയില്‍ പുരോഗമിക്കുന്നു. ഭൂജലനിരപ്പില്‍ വര്‍ധനവ് ഉണ്ടാക്കുക, വേനല്‍ക്കാലത്ത് ജലക്ഷാമം ഒരു പരിധി വരെ പരിഹരിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.

കേരള ഗ്രാമീണ ശുദ്ധജലവിതരണ ശുചിത്വ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഴ കേന്ദ്രം മുഖേനയാണ് കിണര്‍ റീചാര്‍ജിങ് നടക്കുന്നത്. കൊടകര ബ്ലോക്കിന് കീഴില്‍ നിലവില്‍ കിണര്‍ റീചാര്‍ജിങ് ആരംഭിച്ചിരിക്കുന്നത് കൊടകര പഞ്ചായത്തില്‍ മാത്രമാണ്. പഞ്ചായത്തിലെ എണ്ണൂറിലധികം കുടുംബങ്ങള്‍ പദ്ധതി ഗുണഭോക്തൃ ലിസ്റ്റിലുണ്ട്. മുന്നൂറിനടുത്ത് വീടുകളില്‍ ഇതിനകം പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയായി. ശേഷിക്കുന്ന വീടുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പഞ്ചായത്തിലെ 10,000 ത്തിലധികം വരുന്ന വീടുകളിലും പദ്ധതി പൂര്‍ത്തീകരിക്കും. തൃശൂര്‍ കൂടാതെ കണ്ണൂര്‍, പാലക്കാട്, പത്തനംതിട്ട എന്നിങ്ങനെ നാല് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ കിണര്‍ റീചാര്‍ജിങ് നടന്നുവരുന്നത്. കിണര്‍ റീചാര്‍ജ് ചെയ്യേണ്ട ഉപഭോക്താക്കളെ കണ്ടെത്തുന്നത് ഗ്രാമപഞ്ചായത്തുകള്‍ വഴിയാണ്.

മഴവെള്ളം നഷ്ടപ്പെടാതെ ശുദ്ധീകരിച്ച് കിണറില്‍ സംഭരിച്ച് 4 മാസം വരെ കുടിവെള്ളം ലഭ്യമാക്കാന്‍ സാധിക്കും. 1000 ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു മേല്‍ക്കൂരയില്‍ നിന്നും ഒരു വര്‍ഷം ശരാശരി 3 ലക്ഷം ലിറ്റര്‍ മഴവെള്ളം ലഭിക്കുന്നു. 5000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കില്‍ വെള്ളം ശേഖരിച്ചാണ് തുടര്‍ച്ചയായി 4 മാസം ദിനംപ്രതി 40 ലിറ്റര്‍ വെള്ളം ലഭ്യമാക്കുന്നത്.

റീചാര്‍ജ് ചെയ്യുന്ന വിധം

മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളത്തെ പി വി സി പൈപ്പിന്റെ പാത്തിയിലൂടെ ഒഴുക്കി ഒരു പൈപ്പിലൂടെ താഴേക്ക് എത്തിക്കും. ഇവിടെ വെള്ളം ശുദ്ധീകരിക്കുന്ന ‘അരിപ്പ ടാങ്ക്’ സ്ഥാപിക്കുന്നു. ഇത് വീപ്പയോ ഇഷ്ടിക കൊണ്ട് കെട്ടിയ കുഴിയോ ആകാം. ഇതിന്റെ ഏറ്റവും അടിയില്‍ 20 സെന്റിമീറ്റര്‍ കനത്തില്‍ ചരല്‍ക്കല്ല് വിരിക്കും. അതിനുമുകളില്‍ 10 സെ മി കനത്തില്‍ മണല്‍ വിരിക്കുന്നു. ഇതിന് മുകളില്‍ ചിരട്ട കരി, ചരല്‍ എന്നിവയും വിരിക്കുന്നു. ടാങ്കിന്റെ ഏറ്റവും അടിഭാഗത്ത് പി വി സി പൈപ്പ് ഘടിപ്പിച്ചാണ് കുടിവെള്ളം കിണറിലേക്ക് ഇറക്കുക. മേല്‍ക്കൂര മഴവെള്ളം ആദ്യം അരിപ്പയിലേക്കും അവിടെ വെച്ച് ശുദ്ധീകരിക്കുകയും തുടര്‍ന്ന് കിണറിലേക്ക് പതിച്ച് സംഭരിക്കുകയും ചെയ്യുന്നു. കിണറില്‍ വെള്ളം കുറയുന്ന കുടുംബങ്ങളിലെല്ലാം കിണര്‍ റീചാര്‍ജിങ് സംവിധാനം പ്രായോഗികമാക്കാം.

Related Articles

Back to top button