KeralaLatest

സര്‍ക്കാര്‍ വിവരങ്ങള്‍ ലളിതമായ ഭാഷയില്‍ നല്‍കണം: വൈക്കം മധു

“Manju”

കോട്ടയം: സാധാരണക്കാരും നവസാക്ഷരും ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാശ്രയമില്ലാതെ മനസിലാകുന്ന വിധം ലളിതമായ ഭാഷയില്‍ സര്‍ക്കാര്‍ വിവരങ്ങള്‍ നല്‍കുന്നതിന് ജീവനക്കാര്‍ ശ്രദ്ധിക്കണമെന്ന് ഗ്രന്ഥകാരനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ വൈക്കം മധു പറഞ്ഞു.

ആശയ സംവേദനം കാര്യക്ഷമമായി നടക്കുന്നതിന് മലയാള ഭാഷയിലെ തന്നെ വാക്കുകളും പദങ്ങളും വാചകങ്ങളും ഉപയോഗിക്കുന്നതാണ് ഉത്തമം. മലയാളത്തില്‍ വേരുറച്ചു പോയ ചില പദങ്ങള്‍ അവ മറ്റ് ഭാഷയിലുള്ളതാണെങ്കിലും സ്വീകരിക്കുന്നതില്‍ അപകര്‍ഷതാബോധം ഉണ്ടാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് ഉദ്ഘാടനം ചെയ്തു. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഉപഡയറക്ടര്‍ കെ.ആര്‍. പ്രമോദ് കുമാര്‍ അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി കളക്ടര്‍ പി.ജി രാജേന്ദ്രബാബു ജീവനക്കാര്‍ക്ക് ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാളം ഭരണഭാഷയായി ഉപയോഗിക്കുന്നതില്‍ മികവു പുലര്‍ത്തിയ മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള സ്ഥാപനത്തിനുള്ള പുരസ്‌കാരം മണര്‍കാട് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രവും ജീവനക്കാര്‍ക്കുള്ള പുരസ്‌കാരം മൃഗസംരക്ഷണ ജില്ലാ ഓഫീസിലെ ജീവനക്കാരി ധന്യാ ദേവരാജനും ചടങ്ങില്‍ ഏറ്റുവാങ്ങി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഒ.ടി. തങ്കച്ചന്‍, സാക്ഷരത മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.വി. മാത്യു, അസിസ്റ്റന്റ് എഡിറ്റര്‍ കെ.ബി. ശ്രീകല എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button