KannurKeralaLatest

എരഞ്ഞോളിയിലുള്ളവർ ഇനി ഹിന്ദി പഠിക്കും

“Manju”

പ്രജീഷ് വള്ള്യയി

തലശ്ശേരി: എരഞ്ഞോളി ഗ്രാമപ്പഞ്ചായത്തിലെ ഹിന്ദി പഠിക്കാൻ താത്‌പര്യമുള്ളവരെ ഗ്രാമപ്പഞ്ചായത്ത് മുൻകൈയെടുത്ത് ഹിന്ദി പഠിപ്പിക്കുന്നു. ഇതിനുള്ള പ്രാഥമിക നടപടി തുടങ്ങി. ആദ്യഘട്ടമെന്നനിലയിൽ പഠിക്കാൻ താത്‌പര്യമുള്ളവരുടെ വിവരം ശേഖരിക്കും. ഹിന്ദി അറിയുന്നവർ, അറിയാത്തവർ, പഠിക്കാൻ താത്‌പര്യമുള്ളവർ എന്നിവരെ സർവെയിലൂടെ കണ്ടെത്തും.

ഒരു വീട്ടിൽ ഒരാളെയെങ്കിലും ഹിന്ദി അറിയുന്നവരാക്കി മാറ്റുകയാണ് ഹിന്ദി രാഷ്ട്രഭാഷ പരിജ്ഞാൻ പദ്ധതി ലക്ഷ്യമിടുന്നത്. വിവിധ ജോലികൾക്കായി ഗ്രാമപ്പഞ്ചായത്തിൽ നിരവധി അതിഥി തൊഴിലാളികൾ എത്തുന്നുണ്ട്. ഹിന്ദി അറിയാത്തത് അതിഥി തൊഴിലാളികളുമായി ഇടപഴകാൻ ബുദ്ധിമുട്ടാവുകയാണ്. അതിനുള്ള പരിഹാരമെന്നനിലയിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

ഏകദേശം 600 അതിഥി തൊഴിലാളികൾ നിലവിൽ പഞ്ചായത്തിലുണ്ട്. അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് നൽകാനുണ്ടായ പ്രയാസമാണ് ഹിന്ദി രാഷ്ട്രഭാഷ പരിജ്ഞാൻ പദ്ധതി തുടങ്ങാനുള്ള പ്രേരണ.

പഠനത്തിന് പുസ്തകം:ഹിന്ദി പഠനത്തിന് പുസ്തകം തയ്യാറാക്കാൻ നടപടി തുടങ്ങി. ഹിന്ദിയിൽ പ്രാവീണ്യംനേടിയവരെ ഉൾപ്പെടുത്തിയാണ് പുസ്തകം തയ്യാറാക്കുന്നത്. ഇതിനായി 12 അംഗ സമിതി രൂപവത്കരിച്ചു. കാലടി സർവകലാശാല ഹിന്ദി പ്രൊഫസറും എഴുത്തുകാരനുമായ ഡോ. മനു, സംസ്ഥാന ഹിന്ദി ഭാഷ മുൻ ഫാക്കൽറ്റി സതീഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിലാണ് പുസ്തകം തയ്യാറാക്കുന്നത്.

പഞ്ചായത്തിൽ താമസിക്കുന്ന ഹിന്ദി അറിയുന്നവരുടെ യോഗം വിളിച്ചുചേർത്താണ് പദ്ധതിക്ക്‌ തുടക്കമിട്ടത്. 18 വയസിനുമുകളിലുള്ളവരെയാണ് ഹിന്ദി പഠിപ്പിക്കുക. പഠിക്കാൻ താത്‌പര്യമുള്ള 18-നു താഴെ പ്രായമുള്ളവർക്കും അവസരം നൽകും. 18 മുതൽ 45 വയസ്സുവരെയുള്ളവർക്കും 45ന് മുകളിൽ പ്രായമുഉള്ളവർക്കുമായി രണ്ടുതരം പുസ്തകങ്ങളാണ് കമ്മിറ്റി തയ്യാറാക്കുന്നത്. ഒന്നര മാസത്തിനുള്ളിൽ പുസ്തകം തയ്യാറാകും. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ സ്ഥാപനങ്ങളുടെ പേരുകൾ മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളിൽ എഴുതുവാനുള്ള നടപടിയും പഞ്ചായത്ത് തുടങ്ങി.

സർ​വേ നടത്തുന്നത് ബിരുദ വിദ്യാർഥികൾ :പഠിക്കാൻ താത്‌പര്യമുള്ളവരെ കണ്ടെത്താൻ ഓരോ വാർഡിലും ബിരുദ വിദ്യാർഥികൾ സർവേ നടത്തും. വിദ്യാർഥികളുടെ സാമൂഹിക സേവനത്തിന്റെ ഭാഗമായി സർവെ പ്രവർത്തനം മാറും. സർവെയുടെ അടിസ്ഥാനത്തിൽ ഓരോ വാർഡിലും രണ്ടിൽ കുറയാത്ത അധ്യാപകരെ ചുമതലപ്പെടുത്തും. ഇവർക്ക് ക്ലാസ് നൽകുന്നതിനുള്ള പരിശീലനവും നൽകും. പഞ്ചായത്തിലെ വായനശാലകളും, സ്കൂളുകളും, അങ്കണവാടികളും ക്ലാസിനായി ഉപയോഗപ്പെടുത്തും. പഠിതാക്കളുടെ സൗകര്യം കണക്കിലെടുത്ത് രാത്രികാല ക്ലാസ്സുകളും നടത്താനാണ് തീരുമാനം. സർവേയും അധ്യാപകർക്കുള്ള പരിശീലനവും പൂർത്തീകരിച്ചശേഷം പഠനം തുടങ്ങും.രാജഭാഷ, മാതൃഭാഷ, രാഷ്ട്രഭാഷ, സമ്പർക്ക ഭാഷ തുടങ്ങിയ പദവികളാണ് ഹിന്ദിയ്ക്കുള്ളത്. സമ്പർക്ക ഭാഷയെന്ന നിലയിലാണ് ഇവിടെ പഠിപ്പിക്കുന്നത്

Related Articles

Back to top button