IndiaLatest

സുപ്രീം കോടതിക്ക് 2027 ല്‍ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്

“Manju”

ന്യൂഡെല്‍ഹി: ചരിത്രപരമായ മാറ്റത്തിനൊരുങ്ങി സുപ്രീം കോടതി. നിലവില്‍ കര്‍ണാടക ഹൈകോടതി ജഡ്ജിയായ ജസ്റ്റിസ് ബി വി നാഗരത്‌ന ഇന്‍ഡ്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയേക്കും. 2027ല്‍ ബി വി നാഗരത്ന പദവിയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍. എന്‍ വി രമണ അധ്യക്ഷനായ കൊളീജിയം സുപ്രീം കോടതിയിലേക്ക് 9 ജഡ്ജിമാരെ നിര്‍ദേശിച്ചിരുന്നു. ഇതിലാണ് ബി വി നാഗരത്നയും ഉള്‍പെട്ടിരിക്കുന്നത്. തെരഞ്ഞെടുത്താല്‍ 2027ല്‍ ബി വി നാഗരത്ന ചീഫ് ജസ്റ്റിസ് സ്ഥാനത്തെത്തും. 9 മാസമായിരിക്കും നാഗരത്നക്ക് ഈ സ്ഥാനത്ത് തുടരാനാകുക.
1989 ജൂണ്‍ മുതല്‍ 1989 ഡിസംബര്‍ വരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഇ എസ് വെങ്കടരാമയ്യയുടെ മകളാണ് നാഗരത്ന. ചീഫ് ജസ്റ്റിസുമാരാകുന്ന ആദ്യ അച്ഛനും മകളും കൂടിയായിരിക്കും ഇരുവരും എന്ന പ്രത്യേകതയും നാഗരത്നയുടെ പദവിയേറ്റെടുക്കലിനുണ്ടാകും.
ഇന്‍ഡ്യയ്ക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് വേണമെന്നത് ഒരുപാട് നാളുകളായുള്ള ആവശ്യമാണ്. ഇന്‍ഡ്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ തന്റെ വിരമിക്കല്‍ പ്രസംഗത്തിനിടെ ഇക്കാര്യം എടുത്തു പറഞ്ഞിരുന്നു. വനിതാ ജസ്ജിമാര്‍ക്കെതിരെ വിവേചനപരമായ ഒന്നും കോടതിയുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നും മികച്ച ആള്‍ക്കാര്‍ വരാത്തതു കൊണ്ടു മാത്രമാണ് ഇതുവരെയായും ഇന്‍ഡ്യയില്‍ ഒരു വനിതാ ചീഫ് ജസ്റ്റിസ് ചുമതലയേറ്റെടുക്കാത്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ജസ്റ്റിസ് എന്‍ വി രമണയും ഇക്കാര്യം ഉന്നയിച്ചിരുന്നു.
ജസ്റ്റിസുമാരായ ഹിമ കോഹി, ബേല ത്രിവേദി എന്നിവരടക്കം മൂന്ന് വനിതാ ജഡ്ജിമാരാണ് നിലവിലെ 9 പേരുടെ ലിസ്റ്റില്‍ ഉള്‍പെട്ടിരിക്കുന്നത്.
ജസ്റ്റിസുമാരായ പി എസ് നരസിംഹ, ശ്രീനിവാസ് ഓക, വിക്രം നാഥ്, ജെ കെ മഹേശ്വരി, സി ടി രവികുമാര്‍, എം എം സുന്ദരേഷ് എന്നിവരാണ് കൊളീജിയം സുപ്രീം കോടതിയിലേക്ക് നിര്‍ദേശിച്ച മറ്റു ജസ്റ്റിസുമാര്‍.

Related Articles

Back to top button