IndiaInternationalLatest

തരൂരിനെയും കുഴപ്പിച്ച് താലിബാന്‍ ഭാഷ……

“Manju”

തിരുവനന്തപുരം: ഇംഗ്ലീഷ്‌ ഭാഷ കൊണ്ട്‌ പലപ്പോഴും വിസ്‌മയിപ്പിക്കാറുള്ള ശശി തരൂര്‍ എം.പിയെയും കുഴപ്പിച്ച്‌ ഒരു ഭാഷ. അതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ട്വീറ്റ്‌ ചില്ലറ വിവാദത്തിനും ഇടയാക്കി. തിരുത്ത്‌ വന്നതോടെ അദ്ദേഹം അതു ഭാഷാവിദഗ്‌ധര്‍ക്കു വിട്ടു.
15-ന്‌ കാബൂള്‍ പിടിച്ചടക്കിയ രണ്ടു താലിബാന്‍കാര്‍ നിലത്തു തല കുമ്പിട്ടു കണ്ണീരൊഴുക്കിക്കൊണ്ട്‌ സന്തോഷം പങ്കിടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. അവരിലൊരാള്‍ പറയുന്നതു “സംസാരിക്കട്ടെ” എന്നല്ലേ എന്ന സംശയത്തിന്റെ അകമ്പടിയുമുണ്ടായി. ഈ ദൃശ്യശകലം തരൂരും ട്വീറ്റ്‌ ചെയ്‌തു. “രണ്ടു മലയാളി താലിബാന്‍കാരെങ്കിലും ഉണ്ടെന്നു തോന്നുന്നു. സംസാരിക്കട്ടെ എന്നു പറയുന്ന ഒരാളും അതു മനസിലാകുന്ന മറ്റൊരാളും!”- എന്നു തരൂര്‍ കുറിച്ചു.
തരൂര്‍ റീട്വീറ്റ്‌ ചെയ്‌ത സന്ദേശമയച്ച റമീസിന്റെ വിശദീകരണം പിന്നാലെയെത്തി. താലിബാനില്‍ കേരളത്തില്‍നിന്നുള്ള ആരുമില്ലെന്നും ദൃശ്യങ്ങളിലുള്ളത്‌ സബൂള്‍ പ്രവിശ്യയില്‍നിന്നുള്ള ബലൂചുകളാണെന്നും സംസാരിക്കുന്നത്‌ ബ്രാവി എന്ന ഭാഷയാണെന്നും റമീസ്‌ എഴുതി. ഇതു ദ്രാവിഡഭാഷയാണെന്നും മലയാളം, തമിഴ്‌, തെലുങ്ക്‌ എന്നിവയോടു വളരെ സാദൃശ്യമുണ്ടെന്നും റമീസ്‌ വിശദീകരിച്ചു.
“നല്ല വിശദീകരണം” എന്നായിരുന്നു തരൂരിന്റെ പ്രതികരണം. ഇക്കാര്യം ഭാഷാവിദഗ്‌ധര്‍ക്കു വിടാം. എന്തായാലും, വഴിതെറ്റിയ മലയാളികള്‍ താലിബാനിലുമുണ്ടെന്നു നിശ്‌ചയം. അതിനാല്‍ അതു മലയാളമല്ലെന്നു പൂര്‍ണമായും തള്ളിക്കളയാനാകില്ലെന്നും തരൂര്‍ എഴുതി.

Related Articles

Back to top button