ബ്രസീലില്‍ വന്‍ ബാങ്കുകൊള്ള
സവോപോളോ: ബ്രസീലിനെ ഞെട്ടിച്ച് വന്‍ ബാങ്കുകവര്‍ച്ച. 20ഓളം വരുന്ന സംഘം അരാകറ്റുബ പട്ടണം കീഴടക്കി വാഹനങ്ങള്‍ക്ക് തീയിട്ടും ടയറുകള്‍ കത്തിച്ച് റോഡുകളില്‍ ഗതാഗതം മുടക്കിയുമായിരുന്നു മൂന്നു ബാങ്കുകളില്‍ കൊള്ള നടത്തിയത്. ഇതുകഴിഞ്ഞ് നഗരത്തിലുണ്ടായിരുന്ന നിരവധി പേരെ ബന്ദികളാക്കി വാഹനങ്ങളില്‍ കെട്ടിയിട്ട് സംഘം രക്ഷപ്പെട്ടു. ബന്ദികള്‍ മോചിതരായോ എന്ന് വ്യക്തമല്ല. മൂന്നു പേര് കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരില്‍ ഒരാള്‍ കവര്‍ച്ച സംഘത്തിലെ അംഗമാണെന്ന് പൊലീസ് പറയുന്നു.
ബാങ്കു കവര്‍ച്ച സംഭവങ്ങള്‍ അടുത്തിടെ വര്‍ധിച്ചുവരുന്ന ബ്രസീലിനെ ശരിക്കും മുള്‍മുനയിലാക്കിയാണ് കഴിഞ്ഞ ദിവസം രാത്രി വന്‍ കവര്‍ച്ച അരങ്ങേറിയത്. 50ലേറെ വരുന്ന സംഘം എത്തിയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകളെങ്കിലും ഇത് 15-20 പേരാണെന്ന് പിന്നീട് പൊലീസ് തിരുത്തി. കൊള്ള വിഡിയോയില്‍ പകര്‍ത്തിയ ആളെ സംഘം വെടിവെച്ചുകൊന്നു. പൊലീസുമായി ഏറ്റുമുട്ടലിനിടെ കവര്‍ച്ച സംഘത്തിലെ ഒരാളും കൊല്ലപ്പെട്ടു. മൂന്നാമത് ഒരു സ്ത്രീയുമാണ് മരണത്തിന് കീഴടങ്ങിയത്.
സംഘം റോഡില്‍ വിതറിയ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് അതുവഴി സൈക്കിളില്‍ സഞ്ചരിച്ച ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പട്ടണത്തിലുടനീളം സംഘം സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചത് അപകട ഭീഷണി ഉയര്‍ത്തുന്നതായി പൊലീസ് മുന്നറിയിപ്പ് നല്കി. മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആക്രമണം നടന്നതിങ്ങനെ:
സര്‍വായുധ സജ്ജരായ സംഘം തിങ്കളാഴ്ച പുലര്‍ച്ചെ സമയത്ത് അരാകറ്റുബ പട്ടണ മധ്യത്തില്‍ എത്തുന്നു. മൂന്നു ബാങ്കുകളില്‍ കവര്‍ച്ച പൂര്‍ത്തിയാക്കിയ സംഘം കാഴ്ച കണ്ടുനിന്ന നിരവധി പേരെ ബന്ദിയാക്കി. ഇതുകഴിഞ്ഞ് പ്രദേശത്തെ പൊലീസ് സ്റ്റേഷനും സംഘം വളഞ്ഞു. പട്ടണത്തിലേക്ക് എത്താനുള്ള റോഡുകളില്‍ കാറുകള്‍ക്കും ടയറുകള്‍ക്കും തീയിട്ട് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. സുരക്ഷിതമെന്ന് ഉറപ്പുവരുത്താന്‍ ഇവര്‍ എത്തിയ കാറുകള്‍ക്ക് മുകളിലും ബോണറ്റിലും ആളുകളെ കെട്ടിയിട്ടായിരുന്നു മടക്കം. പലരെയും അപകടകരമായ നിലയിരുന്നു കെട്ടിയിട്ടത്. ഇവരുമായി മടങ്ങുന്നതിനിടെ വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
ജനം തെരുവിലിറങ്ങിയതിനാല്‍ പൊലീസിന് വേണ്ടത്ര ഇടപെടാന്‍ കഴിഞ്ഞില്ലെന്ന് സ്ഥലം മേയര്‍ ഡിലാഡര് ബൊര്‍ഹെസ് പറഞ്ഞു. പട്ടണത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനം ഭയന്നുപോയതിനാല്‍ സ്കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.
2017ലും ഇതേ പട്ടണത്തില്‍ സമാനമായ ആക്രമണവും കവര്‍ച്ചയും നടന്നിരുന്നു. 1920കളിലും 30കളിലും ബ്രസീലില്‍ പിടിമുറുക്കിയ പ്രത്യേക സംഘമായിരുന്ന ‘കന്ഗാചോ’ മാതൃകയിലാണ് പുതിയ കവര്ച്ചകളുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരവധി അക്രമികള്‍ ചേര്‍ന്നാകും ഇത്തരം കവര്‍ച്ചകള്‍ നടത്തുക. ബാങ്കുകളും വിലപിടിപ്പുള്ള വസ്തുക്കള്‍ വില്‍ക്കുന്ന കടകളുമാകും ഇവരുടെ ലക്ഷ്യം
https://twitter.com/i/status/1432207940627410945