IndiaLatest

തെലങ്കാനയില്‍ മിന്നല്‍പ്രളയം; നവവധു ഉള്‍പെടെ 7 മരണം

“Manju”

ഹൈദരാബാദ്: തെലങ്കാനയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ 7 പേര്‍ മരിച്ചു. നവവധുവും എന്‍ജിനീയറും ഉള്‍പെടെയുള്ളവര്‍ മരിച്ചവരില്‍പ്പെടും. വിക്രാബാദില്‍ വിവാഹശേഷമുള്ള പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ നവവധു പ്രവാളിക വരന്‍ നവാസ് റെഡ്ഡി എന്നിവരുള്‍പെടെ 6 പേര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒഴുക്കില്‍ പെടുകയായിരുന്നു.

പ്രവാളിക, ഭര്‍തൃസഹോദരി ശ്വേത, ശ്വേതയുടെ മകന്‍ ത്രിനാഥ് റെഡ്ഡി (9) എന്നിവര്‍ ഒഴുകിപ്പോയി. കുട്ടിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വാറങ്കലില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഞായറാഴ്ച രാത്രിയോടെ ഓടയില്‍ കണ്ടെത്തുകയായിരുന്നു. മരിച്ചവില്‍ വെരോം ക്രാന്തി കുമാര്‍ എന്നയാള്‍ ശിവനഗറില്‍നിന്നുള്ളയാളാണെന്ന് തിരിച്ചറിഞ്ഞു. ഇയാളുടെ ലാപ്ടോപും മൃതദേഹത്തിനരികില്‍നിന്ന് കണ്ടെത്തി. ശങ്കരപ്പള്ളിയില്‍ 70കാരന്‍ കാറിനൊപ്പം ഒഴുകിപ്പോയതായും അദിലാബാദില്‍ 30കാരനായ തൊഴിലാളി ഒഴുകിപ്പോയതായും റിപോര്‍ടുണ്ട്.

യദാദ്രി ഭോംഗിര്‍ ജില്ലയില്‍ സ്‌കൂടറില്‍ പോയ 2 പെണ്‍കുട്ടികള്‍ ഒഴുക്കില്‍പെട്ടു. മറ്റൊരിടത്ത് ശക്തമായ ഒഴുക്കില്‍പെട്ട ബസില്‍നിന്ന് 12 യാത്രക്കാരെ രക്ഷിച്ചു. വിവിധ നഗരങ്ങളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെലങ്കാനയിലെ പല ജില്ലകളിലും കനത്ത മഴയാണ് പെയ്തത്.

ഹൈദരാബാദ്, ആദിലാബാദ്, നിസാമാബാദ്, കരിംനഗര്‍സ വാറങ്കല്‍, ഖമാമം തുടങ്ങിയ ഇടങ്ങളില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ചീഫ് സെക്രടറി അടിയന്തര യോഗം വിളിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ കളക്ടര്‍മാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി.

Related Articles

Back to top button