KeralaLatest

ഗൃഹ പരിചരണത്തിലുള്ള കോവിഡ് രോഗികള്‍ ശ്രദ്ധിക്കണം

“Manju”

ആലപ്പുഴ: ജീവിത ശൈലീ രോഗങ്ങള്‍ക്കും മറ്റ് അനുബന്ധ രോഗങ്ങള്‍ക്കും ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ ഗൃഹ പരിചരണത്തില്‍ കഴിയുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വീടുകളിലെ സമ്പര്‍ക്ക വ്യാപനം ഒഴിവാക്കാന്‍ രോഗിയും വീട്ടിലെ മറ്റ് അംഗങ്ങളും ശ്രദ്ധിക്കണം. പ്രമേഹം, രക്തസമ്മര്‍ദ്ദം, കാന്‍സര്‍, കിഡ്‌നി രോഗങ്ങള്‍ എന്നിവയുള്ള കോവിഡ് രോഗികള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശത്തോടെ വീട്ടില്‍ കഴിയുന്നുണ്ടെങ്കില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ വീട്ടില്‍ പരിശോധിക്കാന്‍ സാഹചര്യം ഇല്ലെങ്കില്‍ ആശുപത്രിയില്‍ കഴിയുന്നതാണ് സുരക്ഷിതം. വീട്ടില്‍ കഴിയുന്ന ഇത്തരം രോഗികള്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കരുത്. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തണം. പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച്‌ രക്തത്തിലെ ഓക്‌സിജന്റെ അളവും ഹൃദയമിടിപ്പും പരിശോധിച്ചു എഴുതി സൂക്ഷിക്കേണ്ടതും വിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ മുടക്കമില്ലാതെ അറിയിക്കേണ്ടതുമാണ്.

ഹൃദയമിടിപ്പ് 90ല്‍ കൂടുകയോ ഓക്‌സിജന്റെ അളവ് 94 താഴുകയോ ചെയ്താല്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറണം. നെഞ്ചുവേദന, മയക്കം, അതിയായ ക്ഷീണം, കിതപ്പ്, ശ്വാസതടസ്സം, കഫത്തില്‍ രക്തം കാണുക, വര്‍ധിച്ച നെഞ്ചിടിപ്പ്, ബോധക്ഷയം, പനിയോടൊപ്പം സ്വാഭാവികമല്ലാത്ത പെരുമാറ്റം എന്നിവ അപായ സൂചനകളാണ്. ഇത്തരത്തില്‍ ഏതു ലക്ഷണം അനുഭവപ്പെട്ടാലും വാഹന സൗകര്യം ലഭ്യമാക്കി ഉടന്‍ ആശുപത്രിയിലേക്ക് മാറണം.

കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കണം. വീട്ടിലെ മറ്റ് അംഗങ്ങളുമായി ഒരു കാരണവശാലും സമ്പര്‍ക്കം ഉണ്ടാകരുത്. മറ്റുള്ളവരുടെ സഹായം വേണ്ടി വന്നാല്‍ രോഗിയും പരിചരിക്കുന്നവരും മാസ്‌ക് ധരിക്കുകയും കഴിയുന്നിടത്തോളം അകലം പാലിക്കുകയും ചെയ്യണം. രോഗി ഉപയോഗിക്കുന്ന ശുചിമുറി, പാത്രങ്ങള്‍, വസ്ത്രങ്ങള്‍, മറ്റുവസ്തുക്കള്‍ എന്നിവ രോഗി തന്നെ കഴുകി വൃത്തിയാക്കണം. പ്രതലങ്ങള്‍ അണു വിമുക്തമാക്കുക. മുറിയുടെ ജനാലകള്‍ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കണം. ധാരാളം വെള്ളം കുടിക്കണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. വിശ്രമിക്കുക. ഒരേവശത്തേക്ക് കൂടുതല്‍ നേരം കിടക്കുന്നതിന് പകരം ഇടയ്ക്കിടെ വശങ്ങള്‍ മാറിയും കമിഴ്ന്നും കിടക്കുക. ഇടയ്ക്കിടെ നിവര്‍ന്നിരിക്കണം.

Related Articles

Back to top button