InternationalLatest

അണലിവിഷം കൊറോണയെ ഉന്മൂലനം ചെയ്യും; ബ്രസീല്‍ ഗവേഷകര്‍

“Manju”

സാവോപോളോ: പാമ്പിന്‍വിഷത്തില്‍നിന്നു കോവിഡിനായുള്ള മരുന്നു ഉത്പാദിപ്പിക്കാനൊരുങ്ങി ബ്രസീലിലെ ഗവേഷകര്‍. ജരാരകുസു പിറ്റ് അണലിയുടെ വിഷത്തില്‍ അടങ്ങിയിരിക്കുന്ന ചെറുകണികകള്‍ കുരങ്ങുകളുടെ കോശങ്ങളില്‍ കൊറോണ വൈറസിന്റെ പുനരുല്‍പാദനം തടഞ്ഞുവെന്ന് ബ്രസീലിലെ ഗവേഷകര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. വിഷത്തിലെ ചില ഘടകങ്ങള്‍ കുരങ്ങുകളുടെ കോശത്തില്‍ കൊറോണ വൈറസ് പുനരുല്‍പാദിപ്പിക്കപ്പെടുന്നത് 75 ശതമാനത്തോളം തടഞ്ഞുവെന്നു പഠനത്തില്‍ പറയുന്നു.

വൈറസില്‍നിന്നുള്ള പ്രധാന പ്രോട്ടീനെ തടയാന്‍ വിഷത്തിലടങ്ങിയ വസ്തുവിനു കഴിഞ്ഞതായി സാവോപോളോ സര്‍വകലാശാലയിലെ പ്രഫസര്‍ റാഫേല്‍ ഗുയ്‌ഡോ പറഞ്ഞു. വിഷത്തിലുള്ള അമിനോ ആസിഡുകളുടെ ശൃംഖലയ്ക്ക് കൊറോണ വൈറസിന്റെ പുനരുല്‍പാദനത്തില്‍ നിര്‍ണായകമായ എന്‍സൈമുമായി ബന്ധപ്പെടാന്‍ ശേഷിയുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. മോളിക്യൂള്‍സ് എന്ന ശാസ്ത്ര മാസികയിലാണ് ഇതു സംബന്ധിച്ച പഠനഫലം പ്രസിദ്ധീകരിച്ചത്.

അതേസമയം പാമ്പുകളെ കൊന്നൊടുക്കാതെതന്നെ ഇതു നിര്‍മിക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കി. കൂടുതല്‍ ഗവേഷണങ്ങള്‍ക്കു ശേഷം ഇതു മനുഷ്യകോശങ്ങളില്‍ പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ഗവേഷകര്‍. ബ്രസീലില്‍ കാണപ്പെടുന്ന ഏറ്റവും നീളം കൂടിയ പാമ്പുകളിലൊന്നാണ് ജരാരാകുസു. ആറടിയോളം നീളം വരും. ബൊളീവിയ, അര്‍ജന്റീന, പരാഗ്വേ എന്നിവിടങ്ങളിലും ഈ പാമ്പുകളുണ്ട്.

Related Articles

Back to top button