KeralaLatest

നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തിലുള്ള രണ്ട് പേര്‍ക്ക് കൂടി രോഗലക്ഷണം

“Manju”

കോഴിക്കോട് : നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തിലുള്ള രണ്ട് പേര്‍ക്ക് കൂടി രോഗലക്ഷണം സ്ഥിരീകരിച്ചു. ഇവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 152 പേരുടെ സമ്പര്‍ക്ക പട്ടികയാണ് തയ്യാറാക്കിയിട്ടുണ്ട്. ആരോ​ഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സമ്പ‍ര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തിയത്. ഇതില്‍ 20 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലെ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. കൂടുതല്‍ പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച്‌ ആലോചിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കളക്‌ട്രേറ്റില്‍ ഉന്നതതല യോഗം പുരോഗമിക്കുകയാണ്.

സംസ്ഥാനത്ത് നിപ മരണം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം കേരളത്തിനുമുമ്പാകെ നാലിന നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ ബന്ധുക്കളെ ഉടന്‍ പരിശോധിക്കാനും കഴിഞ്ഞ 12 ദിവസത്തെ സമ്പര്‍ക്ക പട്ടിക തയാറാക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ക്വാറന്റൈനും ഐസൊലേഷനും പരമാവധി വേഗത്തില്‍ ഒരുക്കണം. സ്രവങ്ങള്‍ എത്രയും വേഗം പരിശോധന നടത്തണം എന്നിവയാണ് മറ്റ് നിര്‍ദേശങ്ങള്‍. കേന്ദ്രസംഘം ഉടന്‍ കേരളത്തിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

പനിയും ഛര്‍ദിയുമായാണ് കുട്ടി ബുധനാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ 104 ഡിഗ്രി പനി ഉണ്ടായിരുന്നു. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇന്ന് പുലര്‍ച്ചെ 4.45ഓടെയായിരുന്നു കുട്ടിയുടെ മരണം. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവായിരുന്നു. വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. അതേസമയം മരിച്ച കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു.

Related Articles

Back to top button