KeralaLatest

അധ്യാപകരുടെ പ്രമോഷന്‍,സ്ഥലംമാറ്റം എന്നിവയിൽ പെട്ടെന്ന് നടപടി: മന്ത്രി

“Manju”

തിരുവനന്തപുരം: അധ്യാപകരുടെ പ്രമോഷന്‍,സ്ഥലംമാറ്റം എന്നിവയില്‍ നിയമാനുസരണം എത്രയും പെട്ടെന്ന് നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്‍പി,യുപി ഹെഡ്മാസ്റ്റര്‍മാരുടെ പ്രമോഷന്‍ സംബന്ധിച്ച്‌ നിലനില്‍ക്കുന്ന കേസ് എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ വേണ്ട പരിശ്രമങ്ങള്‍ നടത്തും . അധ്യാപക ദിനത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അധ്യാപക ദിനാഘോഷ യോഗത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയെന്നും മന്ത്രി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ് അധ്യക്ഷന്‍ ആയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു ഐ എ എസ് യോഗത്തില്‍ സ്വാഗതം ആശംസിച്ചു. പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച്‌ പതിമൂന്നാം തീയതി കേസ് പരിഗണിക്കുമ്ബോള്‍ വേണ്ട വിവരങ്ങള്‍ ബഹുമാനപെട്ട സുപ്രീം കോടതിക്ക് കൈമാറും. പരീക്ഷ നടത്തുക എന്നത് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയാണ്. കോവിഡ് മഹാമാരിക്കാലത്ത് തന്നെയാണ് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ വിജയകരമായി നടത്തി ഫലം പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ കോഴ്സുകളില്‍ ചേരാന്‍ കേരളത്തിലെ കുട്ടികള്‍ക്ക് ഗ്രേഡ് / മാര്‍ക്ക്‌ രേഖപെടുത്തിയ സര്‍ട്ടിഫിക്കറ്റ് വേണ്ടിവരും.വരുംകാലങ്ങളിലെ മത്സര പരീക്ഷകള്‍ക്കും ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗപ്പെടും. സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ചില സംസ്ഥാനങ്ങളില്‍ മാര്‍ക്കോ,ഗ്രേഡോ ഇല്ലാതെ ഓള്‍ പ്രൊമോഷന്‍ നല്‍കിയത് ആ കുട്ടികള്‍ക്ക് കേരളത്തിലെ കോഴ്സുകളിലേക്ക് അഡ്മിഷന്‍ നടത്തുന്നതിന് തടസം ആയിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്ത് ചെയ്യാനാകും എന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുകയാണ്. കുട്ടികളെ സഹായിക്കുക തന്നെയാണ് ലക്ഷ്യം. പരീക്ഷയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം എതിര്‍ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ഇത് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ അവസ്ഥ ഉണ്ടാകും വിധമുള്ള പ്രചാരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button