KeralaLatest

സര്‍ക്കാര്‍ സേവനങ്ങള്‍ പരമാവധി വീട്ടുപടിക്കലെത്തിക്കും: മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്കു പരമാവധി വീട്ടുപടിക്കലെത്തിച്ചു നല്‍കുക എന്നതാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ-സാക്ഷരതയിലെ മുന്നേറ്റവും വളര്‍ച്ചയും, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപനവും കേരളത്തിലെ ജനങ്ങളെ ഇ-ഗവേണന്‍സ് സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ പ്രാപ്തരാക്കിയതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ റവന്യു വകുപ്പിന്റെ പുതിയ ഡിജിറ്റല്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളിലെ പല സേവനങ്ങളും ഓണ്‍ലൈനിലേക്കു മാറ്റിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇവ മികച്ച രീതിയില്‍ ജനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പര്യാപ്തമാണ്. അപേക്ഷകളുടെ കൃത്യമായ സ്റ്റാറ്റസ്, ഉദ്യോഗസ്ഥ നടപടികളുടെ പരിശോധന തുടങ്ങിയവയെല്ലാം മനസിലാക്കാന്‍ ഇതുവഴി കഴിയുന്നുണ്ട്. ജനോപകാരപ്രദമായ സിവില്‍ സര്‍വീസ് യാഥാര്‍ഥ്യമാക്കുന്നതിന് ഇ-സേവനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂനികുതി ഒടുക്കുന്നതിനു റവന്യൂ വകുപ്പ് തയാറാക്കിയ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍, തണ്ടപ്പേര്‍ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍ എന്നിവയുടെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തീകരണം, എഫ്.എം.ബി. സ്‌കെച്ച്‌, തണ്ടപ്പേര്‍ അക്കൗണ്ട്, ലൊക്കേഷന്‍ സ്‌കെച്ച്‌ എന്നിവ ഓണ്‍ലൈനായി നല്‍കുന്നതിനുള്ള മൊഡ്യൂള്‍, ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓണ്‍ലൈന്‍ മൊഡ്യൂള്‍, 1666 വില്ലേജ് ഓഫിസുകളുടേയും വെബ്സൈറ്റ്, നവീകരിച്ച ഇ-പെയ്മെന്റ് പോര്‍ട്ടല്‍, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ മൊഡ്യൂള്‍ എന്നിവയാണു മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒറ്റത്തവണ കെട്ടിട നികുതി ഒടുക്കല്‍, പൊതുജന പരാതി പരിഹാര സംവിധാനം, ദുരന്തബാധിതര്‍ക്കുള്ള അടിയന്തര സഹായ വിതരണം, പ്രകൃതി ദുരന്ത സാധ്യതാ മേഖലകളുടെ മാപ്പിങ് എന്നിവയെല്ലാമടങ്ങുന്ന സമഗ്ര റവന്യൂ പോര്‍ട്ടലിനാണ് കഴിഞ്ഞ സര്‍ക്കാര്‍ തുടക്കംകുറിച്ചത്. നിരവധി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഈ സംവിധാനത്തിന്റെ വിവിധ വശങ്ങള്‍ പഠിച്ചശേഷമാണ് ഓണ്‍ലൈന്‍ സേവനങ്ങള്‍ മൊബൈല്‍ ആപ്പിലേക്കു മാറ്റാന്‍ തീരുമാനിച്ചത്. ഭൂനികുതി ആപ്പ് യാഥാര്‍ഥ്യമായതോടെ ഭൂമിസംബന്ധമായ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കുവേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കുന്നതും കരം ഒടുക്കുന്നതുമൊക്കെ ലോകത്തിന്റെ ഏതു കോണിലിരുന്നും സാധ്യമാകും. പ്രവാസികള്‍ക്കും ഈ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കും.

Related Articles

Back to top button