Thiruvananthapuram

ലൈഫ് എന്ന പേരുകേട്ടാൽ പിണറായിക്ക് ബീഭത്സരൂപം: കെ.സുരേന്ദ്രൻ

“Manju”

എസ് സേതുനാഥ്

#വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് സി.ബി.ഐ വരുമെന്ന് ഉറപ്പായപ്പോൾ

തിരുവനന്തപുരം: ലെഫ് പദ്ധതിയെ കുറിച്ച് ചോദിച്ചാൽ മുഖ്യമന്ത്രി പിണറായി വിജയന് ബീഭത്സരൂപമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മഹിളാമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയിൽ തട്ടിപ്പ് നടത്തിയ പിണറായി വിജയൻ രാജിവെക്കണം. പാവങ്ങളുടെ വീടിന്റെ പണം കമ്മീഷൻ അടിച്ചതിനെ പറ്റി ചോദിച്ചപ്പോഴാണ് എനിക്ക് നേരെ മുഖ്യമന്ത്രി ഭീഷണി മുഴക്കിയത്. ലൈഫിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മാദ്ധ്യമപ്രവർത്തകരെ പിണറായി വിരട്ടാൻ ശ്രമിച്ചത്. മാദ്ധ്യമപ്രവർത്തകരും പ്രതിപക്ഷനേതാക്കൻമാരുമെല്ലാം സി.പി.എം നേതാക്കൻമാരെ പോലെ തനിക്ക് മുമ്പിൽ പഞ്ചപുച്ഛമടക്കി നിൽക്കുമെന്ന് പിണറായി കരുതണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രളയത്തിന്റെ മറവിൽ വിദേശത്ത് നിന്നും കേരളത്തിലേക്ക് കണക്കിൽപ്പെടാത്ത ധാരാളം പണം എത്തിയിട്ടുണ്ട്. ലൈഫ് തട്ടിപ്പിനൊപ്പം ഇത്തരം കാര്യങ്ങളെ കുറിച്ചും സി.ബി.ഐ അന്വേഷിക്കാൻ പോവുകയാണ്. ഇത് മനസിലാക്കിയാണ് മുഖ്യമന്ത്രി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ബന്ധപ്പെട്ട ഫയലുകൾ കയ്യിൽവെക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. കേരള പൊലീസ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ ടെലിഫോൺ ചോർത്തുന്നുണ്ട്. ഇത് കേന്ദ്ര ഏജൻസികൾക്കും മനസിലായിട്ടുണ്ട്. എല്ലാ അഴിമതി ആരോപണങ്ങളുടേയും കുന്തമുന മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് തിരിയുന്നത്. ലൈഫ് പദ്ധതിയെയല്ല അഴിമതിയെയാണ് ബി.ജെ.പി എതിർക്കുന്നത്. എന്നാൽ ലൈഫിനെ എതിർക്കുകയാണെന്ന പ്രതീതി ഉണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ആകെ അനുവദിച്ച 20 കോടിയിൽ ഒമ്പത് കോടിയും മുക്കിയ നാണംകെട്ട സർക്കാരാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു. ഇതുവരെയുള്ള എല്ലാ മുഖ്യമന്ത്രിമാരും ചോദ്യങ്ങളെ നേരിട്ടിട്ടുണ്ട്. എന്നാൽ വിമർശനങ്ങളോട് മാനസികനില തെറ്റിയ ഏകാധിപതിയെ പോലെയാണ് പിണറായി വിജയൻ പെരുമാറുന്നത്. കേരളം പിണറായി വിജയന്റെ കുടുംബസ്വത്തല്ലെന്ന് അദ്ദേഹം മനസിലാക്കണം. പിണറായി വിജയൻ കിംഗ് ജോംഗ് ഉന്നോ ഈദി അമീനോ സ്റ്റാലിനോ ഒന്നും അല്ലെന്ന് അദ്ദേഹം മനസിലാക്കണം. കൊവിഡ് കാലമായതുകൊണ്ട് പിണറായി വിജയന്റെ ഭാഗ്യം. ഇല്ലെങ്കിൽ ജനാധിപത്യത്തിന്റെ ശക്തി മഹിളാമോർച്ച അദ്ദേഹത്തിന് കാണിച്ചുകൊടുക്കുമായിരുന്നു. മഹിളാമോർച്ചയുടെ സമരം അടിച്ചമർത്താനാണ് ഭാവമെങ്കിൽ പിണറായിക്ക് കേരളത്തിലങ്ങിങ്ങോളം പതിനായിരക്കണക്കിന് വനിതാപൊലീസുകാരെ അധികം നിയമിക്കേണ്ടി വരും. ബൂത്ത്തലം വരെ പ്രതിഷേധം ശക്തമാക്കാൻ മഹിളാമോർച്ചയ്ക്ക് സാധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. മഹിളാമോർച്ചാ ജില്ലാ വൈസ്പ്രസിഡന്റ് സന്ധ്യാ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, ബി.ജെ.പി സംസ്ഥാന വൈസ്പ്രസിഡന്റ് വി.ടി രമ, മഹിളാമോർച്ചാ സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യം, സംസ്ഥാന ജനറൽ സെക്രട്ടറി രാഗേന്ദു. ആർ.ബി, ജില്ലാ ജനറൽ സെക്രട്ടറി ജയാരാജീവ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button